വൈപ്പിൻ: ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങിലെത്തിയ ഗോത്ര – നാടൻ – പാരമ്പര്യ – അനുഷ്‌ഠാന കലാപ്രകടനങ്ങൾ കാണികളുടെ മനസുനിറച്ചു. ചെറായി ബീച്ചിൽ ഗോത്ര കലാപ്രകടനങ്ങൾ നടന്നപ്പോൾ വിജ്ഞാനവർദ്ധിനി സഭാമൈതാനത്ത് കേരള ഫോക്ക്‌ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഗ്രാമസന്ധ്യ അരങ്ങേറി.

ചെറായി ബീച്ചിൽ ആസ്വാദനാവേശം അലയടിച്ചുയർത്തിയ ഗോത്ര കലാപ്രകടനങ്ങൾ തടിച്ചുകൂടിയ വിദേശികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് നവ്യാനുഭവമായി. താള നിബദ്ധമായ ചുവടുകളും മുദ്രകളും ഭാവസാന്ദ്ര ഈരടികളും നഗരാജനതയ്ക്കു വിസ്‌മയമായി. മറയൂരിലെ മലയപ്പുലയരുടെ ആട്ടവും അട്ടപ്പാടിയിലെ ഇരുളനൃത്തവും വയനാട്ടിലെ തുടിതാളവും കടലോരത്തെ ഇളക്കിമറിച്ചു.

സംസ്ഥാന നാടക അവാർഡ് ജേതാവ് ബിജു ദയാനന്ദൻ ഉദ്ഘാടനം ചെയ്‌തു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്ത് പരിപാടി വിശദീകരിച്ചു. പറവൂർ നഗരസഭാംഗം കെ ജി ഷൈൻ ടീച്ചർ, ഗ്രാമ പഞ്ചായത്തംഗം വി ടി സൂരജ്, പള്ളിപ്പുറം സർവീസ് ബാങ്ക് സെക്രട്ടറി എ കെ അജയകുമാർ, സേതുലാൽ, ഷൈജു എന്നിവർ സംസാരിച്ചു.

വിജ്ഞാനവർദ്ധിനി സഭാമൈതാനത്ത് അലക്‌സ് താലൂപ്പാടത്തും സംഘവും ചവിട്ടുനാടകം അവതരിപ്പിച്ചു. തുടർന്ന് പടയണി. കുറ്റൂർ ഭൈരവി പടയണി സംഘമായിരുന്നു അവതാരകർ. നാടൻ കാലാവതരണങ്ങളും നടന്നു. ഫോക്ക്‌ലോർ അക്കാദമി വൈസ് ചെയർമാൻ എ വി അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് അംഗം ഡോ. പദ്‌മനാഭൻ കാവുമ്പായി ആമുഖ വിശദീകരണം നൽകി. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം ബി ഷൈനി, വി വി എഫ് സംഘാടക സമിതി അംഗം ഡോ കെ കെ ജോഷി, പള്ളിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വി എബ്രഹാം, ടി ആർ വിനോയ്‌കുമാർ സംസാരിച്ചു.