കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പൊതു സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ടി.സിദ്ധീഖ് എം.എല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. മുപ്പതിനായിരം പഠിതാക്കളെ 2022 മാര്‍ച്ച് 31 നകം് സാക്ഷരരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പട്ടിക ജാതി- പട്ടിക വര്‍ഗക്കാര്‍, ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ എന്നിവരെ കൂടാതെ പൊതു വിഭാഗത്തിലുള്ളവരെയും പദ്ധതിയില്‍ സാക്ഷരരാക്കും.

മുവ്വായിരം വളണ്ടിയര്‍മാരിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, തുല്യത പഠിതാക്കള്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, പട്ടിക ജാതി, പട്ടിക വര്‍ഗ പ്രമോട്ടര്‍മാര്‍, എന്‍.എസ്.എസ്, എന്‍.സി.സി പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് വളണ്ടറി ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഓരോ പഞ്ചായത്തയില്‍ നിന്നും 1000 മുതല്‍ 2500 വരെ പഠിതാക്കളെയാണ് ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലങ്ങളിലും സംഘാടക സമിതികള്‍ ചേരുകയും വളണ്ടിയര്‍മാരെ കണ്ടെത്തുകയും ചെയ്തു. സാക്ഷരതാ മിഷന്റെ പാഠാവലിയാണ് പഠനത്തിന് ഉപയോഗിക്കുന്നത്. വളണ്ടറി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ജനുവരി ആദ്യവാരം പഞ്ചായത്ത് തലങ്ങളില്‍ പരിശീലനം നല്‍കും.

ചടങ്ങില്‍ ടി സിദ്ദീഖ് എം.എല്‍.എ പഠ്‌ന ലിഖ്‌ന അഭിയാന്‍ ജില്ലതല പോസ്റ്റര്‍ പ്രകാശനം ചെയ്തു. പൊന്നു, അബ്ദുല്‍ ലത്തീഫ് എന്നീ പഠിതാക്കള്‍ക്ക് അദ്ദേഹം പാഠ പുസ്തകങ്ങള്‍ നല്‍കി. സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് സയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു എസ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, ബീന ജോസ്, പഞ്ചായത്ത് പ്രസിഡന്റ്‌സ്് അസോസിയേഷന്‍ പ്രസിഡന്റ് എച്.പി. പ്രദീപ്, സെക്രട്ടറി എ.കെ. റഫീഖ്, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് അഫ്‌സത്, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല, ജില്ല പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാന്‍ എന്‍, പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍ സ്വാഗതവും അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.