കേന്ദ്ര സര്‍ക്കാരിന്റെ പെറ്റ് ഷോപ്പ് നിയമങ്ങള്‍ പ്രായോഗികതയോടെ സംസ്ഥാനം നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.  കൊട്ടിയത്ത് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടത്തിയ മൃഗക്ഷേമ ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെറ്റ്‌ഷോപ്പ് റൂള്‍ കൂടി  മുന്നില്‍ കണ്ടാണ് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് പ്രവര്‍ത്തിക്കുക. നിലവില്‍ അയ്യായിരത്തോളം അരുമമൃഗ-പക്ഷി വില്പന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇവയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കര്‍ശനമായ ചട്ടങ്ങളും നിയമങ്ങളുമാണ് കേന്ദ്ര നിയമത്തിലുള്ളത്.

മൃഗക്ഷേമ ബോര്‍ഡിനാണ് രജിസ്‌ട്രേഷന്‍ നല്കുന്നതിനുള്ള അധികാരം. സംരംഭകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാം കെ. ഡാനിയല്‍ അധ്യക്ഷനായി.  മികച്ച ക്ഷേമപ്രവര്‍ത്തകയായ പുത്തൂര്‍ സ്വദേശി ജയയ്ക്ക് 10000 രൂപയുടെ പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. മൃഗക്ഷേമ ബോര്‍ഡംഗം ഹണി പരിശീലനകിറ്റ് നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. സദാനന്ദന്‍ പിള്ള, ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സുജ റ്റി. നായര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ബിന്ദു ഡി.എസ്, ഡോ.എസ് പ്രിയ, ഡോ. ഡി. ഷൈന്‍ കുമാര്‍, ഡോ. സിന്ധു കെ.എസ്. എന്നിവര്‍ സംസാരിച്ചു.