വയനാട് ജില്ലയിലെ തെരഞ്ഞെടുപ്പ്- വോട്ടർ ബോധവൽക്കരണ (സ്വീപ്) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2022 ലെ ഐക്കൺ ആയി സിനിമാ നടൻ അബൂ സലീമിനെ ജില്ലാ കലക്ടർ എ. ഗീത നിയമിച്ചു. ജനുവരി 25 ന് മുട്ടിൽ ഡബ്ലൂ.എം.ഒ കോളേജിൽ നടക്കുന്ന ദേശീയ സമ്മതിദായക ദിനാഘോഷ പരിപാടിയിൽ അബൂ സലീം പങ്കെടുക്കും.

ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ തല പോസ്റ്റർ ഡിസൈൻ മത്സരം ജനുവരി 12 ന് ഉച്ചയ്ക്ക് 2.00 ന് കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്ക്കൂളിൽ നടക്കും. Inclusive and participatory election എന്നതാണ് വിഷയം. സ്കൂൾതല മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുക. കോളേജ് വിദ്യാർത്ഥികൾക്കായി ടെലിഫിലിം മത്സരവും സംഘടിപ്പിക്കുന്നുണ്ട്. രണ്ടു മത്സരങ്ങളിലെയും മികച്ച സൃഷ്ടികൾ സംസ്ഥാന തലത്തിലേക്ക് അയച്ചു നൽകും. വിജയികൾക്ക് ജനുവരി 25 ന് മുട്ടിലിൽ നടക്കുന്ന ദേശീയ സമ്മതിദായക ദിന പരിപാടിയിൽ സമ്മാനങ്ങൾ നൽകും.

സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം- 2022 ൻ്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരും പട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വോട്ടർ പട്ടികകൾ ബൂത്ത് ലെവൽ ഓഫീസർമാർ, രാഷ്ട്രീയ പാർട്ടികൾ, താലൂക്ക്/ വിലേജ് ഒഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.