എച്ച്എംടി ജംഗ്ഷൻ- മെഡിക്കല്‍ കോളേജ്

ആദ്യത്തെ 10,000 പേർക്ക് സൗജന്യ യാത്ര

കളമശേരി എച്ച്എംടി ജംഗ്ഷനില്‍ നിന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ഷട്ടിൽ ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് എച്ച്.എം.ടി ജംഗ്ഷനില്‍ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു.

മന്ത്രി പി.രാജീവിൻ്റെ അഭ്യർഥനയെ തുടർന്ന് ഈ സർവീസ് കങ്ങരപ്പടി വരെ നീട്ടിയതായി മന്ത്രി ആൻ്റണി രാജു പ്രഖ്യാപിച്ചു.

കളമശേരി നിയമസഭാ മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതിൻ്റെ ഭാഗമായാണ് ബസ് സർവീസ് ആരംഭിച്ചത്. രാവിലെ ഏഴ് മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് ബസ് സര്‍വീസ് ഉണ്ടായിരിക്കുക. ആവശ്യമെങ്കിൽ സർവീസ് സമയം ക്രമീകരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. 10 രൂപയായിരിക്കും ചാര്‍ജ്. കളമശേരി മെഡിക്കൽ കോളജ് പിടിഎ ഒരു ലക്ഷം രൂപ സ്പോൺസർ ചെയ്തതിനാൽ ആദ്യത്തെ 10,000 പേർക്ക് യാത്ര സൗജന്യമായിരിക്കും. ഇനിയും കൂടുതൽ സംഘടനകളും വ്യക്തികളും സ്പോൺസർ ചെയ്യാൻ തയ്യാറായാൽ പിന്നീടുള്ള യാത്രക്കാർക്കും സൗജന്യം അനുവദിക്കാൻ കഴിയുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

ഫ്ളാഗ് ഓഫീനു ശേഷം മന്ത്രിമാർ ബസിൽ കുറച്ചു ദൂരം യാത്ര ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ഡി പി സി അംഗം ജമാൽ മണക്കാടൻ, കൗൺസിലർമാരായ നെഷീദ സലാം, മിനി കരീം, സി.എ ഹസൈനാർ, റാണി രാജേഷ്, ബഷീർ അയ്യമ്പ്രാത്ത്, മയ്മൂനത്ത് അഷ്റഫ്, കെ.കെ ശശി, കെ.ബി വർഗീസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി കലാ കേശവൻ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ മെഡിക്കൽ കോളജ് പിടിഎ പ്രതിനിധി എം.എം നാസർ ഒരു ലക്ഷം രൂപ സ്പോൺസർ ചെയ്യുന്നതിൻ്റെ ധാരാണാ പത്രം മന്ത്രി ആൻ്റണി രാജുവിന് കൈമാറി.