കോവിഡ് 19നെ തുടർന്ന് ലോക്ക്ഡൗണിന്റെ കാലയളവിൽ കുടിപ്പള്ളിക്കൂടങ്ങളിലെ ആശാൻമാർക്കും ആശാട്ടിമാർക്കും മുടങ്ങിയ വേതനം നൽകാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കുടിപ്പള്ളിക്കൂടങ്ങളിൽ അധ്യാപനം നടത്തുന്നവർക്കുള്ള ഗ്രാൻഡ് പ്രാദേശിക സർക്കാരുകൾ തനത് ഫണ്ടിൽ നിന്നാണ് നൽകുന്നത്.

കോവിഡ് കാലത്ത് കുടിപ്പള്ളിക്കൂടങ്ങളിൽ ക്ലാസ് നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശാൻമാർക്കും ആശാട്ടിമാർക്കും ചിലയിടങ്ങളിൽ ഗ്രാൻഡ് നിഷേധിച്ചത്. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽവന്ന ഉടനെ ലോക്കഡൗണിന്റെ ഭാഗമായി കുടിപ്പള്ളിക്കൂടം പ്രവർത്തിക്കാത്ത കാലയളവിൽ ഗ്രാൻഡ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.