ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 100 പേരെ മാത്രമായിരിക്കും പങ്കെടുപ്പിക്കുക. മൂന്ന് പ്ലാറ്റൂണുകൾ ചടങ്ങിൽ അണിനിരക്കും. മാർച്ച് പാസ്റ്റ് ഉണ്ടായിരിക്കില്ല. സ്റ്റുഡന്‍റ്​ പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, എൻ.സി.സി എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. തെർമൽ സ്കാനിംഗ് നടത്തിയായിരിക്കും ക്ഷണിതാക്കളെയും സേനാംഗങ്ങളെയും ചടങ്ങിൽ പങ്കെടുപ്പിക്കുക. ജനുവരി 21, 22 തീയതികളിൽ വൈകീട്ട് 3 ന് ഗ്രൗണ്ടിൽ സേനാംഗങ്ങളുടെ പരിശീലനം നടക്കും. 24 ന് രാവിലെയും പരിശീലനം തുടരും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനവും ഉറപ്പു വരുത്തും. എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.