സാഗി പദ്ധതി കുമ്പളങ്ങിയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമായ കുമ്പളങ്ങിയില്‍ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന സൗകര്യങ്ങളും ഉപജീവന മാര്‍ഗങ്ങളും ആവശ്യമാണ്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി (സാഗി) ഗ്രാമ വികസനത്തിന് സവിശേഷവും പരിവര്‍ത്തനപരവുമായ പദ്ധതിയായി മാറും.

ഗ്രാമത്തില്‍ മുഴുവന്‍ മെച്ചപ്പെട്ട വികസനം ഉറപ്പാക്കാന്‍ സാഗി പദ്ധതിയിലൂടെ സാധിക്കും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി, ഉപജീവനമാര്‍ഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിന്റെ സംയോജിത വികസനം ലക്ഷ്യമിട്ടാണ് സാഗി പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ സവിശേഷ സ്ഥാനമുള്ള ഗ്രാമമായ കുമ്പളങ്ങിയുടെ സമഗ്ര വികസനം ഉറപ്പാക്കാന്‍ വേണ്ടി സാഗി പദ്ധതി നടപ്പാക്കുന്ന ഹൈബി ഈഡന്‍ എം.പിയെയും മറ്റു ജനപ്രതിനിധികളേയും ഗവര്‍ണ്ണര്‍ അഭിനന്ദിച്ചു.

2014 ല്‍ ആരംഭിച്ച പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുടെ അഞ്ചാം ഘട്ടത്തില്‍ കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിനെയാണ് ഹൈബി ഈഡന്‍ എം. പി നിര്‍ദേശിച്ചത്. പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ സംയോജന സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി, നിര്‍ദേശിക്കപ്പെട്ട ഗ്രാമത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമം ആയി മാറ്റുന്നതിനുള്ള പരിശ്രമങ്ങളാണ് നടപ്പിലാക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി സഹകരിച്ച് ഹൈബി ഈഡന്‍ എം. പി നടപ്പിലാക്കുന്ന അവള്‍ക്കായ് പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് സാനിറ്ററി നാപ്കിന്‍ ഫ്രീ പഞ്ചായത്തായി പ്രഖ്യാപിച്ചു. 17 വാര്‍ഡുകളിലും ഇത് സംബന്ധിച്ച ബോധ വത്ക്കരണവും 5000 ല്‍ പരം കപ്പുകളുടെ വിതരണവും നടത്തിയിട്ടുണ്ട്.

ഹൈബി ഈഡന്‍ എം. പിയുടെ പ്രാദേശിക വികസന ഫണ്ട് 2019-20 ഉപയോഗിച്ച് കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് വേണ്ടി വാങ്ങിയ ആംബുലന്‍സിന്റെ താക്കോല്‍ ദാനവും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു.

മാലിന്യ സംസ്‌കാരണത്തിന്റെ ഭാഗമായി 17 വാര്‍ഡിലെയും ഹരിത കര്‍മ്മ സേനയ്ക്ക് ട്രൈസൈക്കിളുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും 17 വാര്‍ഡുകളിലും നല്‍കുന്ന മിനി എം. സി. എഫ് ( മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ) കളുടെ താക്കോല്‍ ദാനവും, എസ് സി വിഭാഗത്തില്‍ പെട്ട 12 വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തിന്റെ എസ് സി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ലാപ് ടോപ്പുകളുടെ വിതരണവും ചടങ്ങില്‍ നടന്നു.

പഞ്ചായത്തില്‍ നിന്നും റവന്യു വകുപ്പില്‍ നിന്നും മറ്റും ലഭ്യമാകുന്ന ഇ സര്‍വീസുകളെ സംബന്ധിച്ച വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘കുമ്പളങ്ങി വിവര നിധി’ യുടെ പ്രകാശനം നിര്‍വ്വഹിച്ചു.

കുമ്പളങ്ങി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ എനര്‍ജി ഓഡിറ്റ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പണവും ഡിസബിലിറ്റി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പണവും ചടങ്ങില്‍ നടന്നു.

ഹൈബി ഈഡന്‍ എം.പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിപു കുഞ്ഞുകുട്ടി,ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ വി. സി അശോകന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, സെന്റ് തെരേസാസ് കോളേജ് ഡീന്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ ഡോ നിര്‍മ്മല പത്മനാഭന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ സഗീര്‍ എന്നിവര്‍ പങ്കെടുത്തു.