വൈപ്പിൻ: തീരദേശമേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു എളങ്കുന്നപ്പുഴ പത്താം വാർഡിൽ നിർമ്മിച്ച റോഡ് നാടിനു സമർപ്പിച്ചു. 91.20 ലക്ഷം രൂപയ്ക്ക് നിർമ്മാണ ഭരണാനുമതി ലഭിച്ച സെന്റ് മാർട്ടിൻ റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് – സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ നിർവഹിച്ചു. കെ എൻ ഉണ്ണകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.

ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം 265 മീറ്റർ നീളത്തിലും ശരാശരി 3.20 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. കരിങ്കൽകെട്ട് ഉണ്ടാക്കി ഉയർത്തി ഇന്റർലോക്കിംഗ് കട്ട വിരിച്ചു. സ്ലൂയിസ്‌ കം ബ്രിഡ്‌ജിന്റെ നിർമ്മാണവും ഇതിനൊപ്പം നടത്തിയിട്ടുണ്ട്.

തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും മത്സ്യമേഖലകളുടെ സർവ്വതോന്മുഖ പുരോഗതി ഉറപ്പുവരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് പദ്ധതി ആവിഷ്‌കരിച്ചത്. എംഎൽഎയുടെ ശ്രമഫലമായാണ് പദ്ധതിയിൽ ഉൾപ്പെടുത്തി സെന്റ് മാർട്ടിൻ റോഡ് സാക്ഷാത്കരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ ശിലാഫലകം അനാച്‌ഛാദനം ചെയ്‌തു. ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എ ഇ സുബിൻ ജോർജ് പദ്ധതി വിശദീകരണം നടത്തി.