അതിവേഗത്തിലാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വളര്‍ച്ച മറ്റൊരു മെഡിക്കല്‍ കോളജുകളുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജില്‍ ഐപിയുടേയും ഒപിയുടേയും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കോവിഡ് സെന്ററാക്കി മാറ്റിയപ്പോള്‍ ഐപിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് ഈ സര്‍ക്കാരിന്റെ കാലത്താണ് ഐപിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 19 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് അത് അനുവദിച്ച് കഴിഞ്ഞു. പിന്നീടുള്ള പ്രധാന ആവശ്യമായിരുന്നു ആശുപത്രിക്കുള്ള ഓപ്പറേഷന്‍ തീയേറ്റര്‍. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കുകയാണ്. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയേറ്റര്‍ ഫെഡറല്‍ ബാങ്കിന്റെ കൂടി സഹായത്തോടെയാണ് ഇപ്പോള്‍ സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ അഹോരാത്രമുള്ള പരിശ്രമത്തിന്റെ ഫലമായാണ് മെഡിക്കല്‍ കോളജ് ശരവേഗത്തില്‍ വളരുന്നതെന്ന് ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നടത്തുന്നതെന്നും അതിവേഗത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ കോളജ് ആയി മാറ്റാനുള്ള പരിശ്രമമാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ ബാങ്ക് ഏരിയ ജനറല്‍ മാനേജര്‍ പി.എ. ജോയ് കോന്നി മെഡിക്കല്‍ കോളജിനുള്ള സിഎസ്ആര്‍ ഫണ്ടായ പത്ത് ലക്ഷം രൂപ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൈമാറി. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് കോന്നി ബ്രാഞ്ച് ഹെഡ് ജിജി സാറാമ്മ ജോണ്‍, സ്‌കെയില്‍ രണ്ട് മാനേജര്‍ തര്യന്‍ പോള്‍, ബാങ്ക്സ്മാന്‍ ആഷിക് സിറാജ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍,  സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.