പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും ഭവന സന്ദർശനവും നടത്തിയത്. ഇതിൻ്റെ ഭാഗമായി കണ്ണഞ്ചേരി എസ്.സി സാംസ്കാരിക നിലയത്തിൽ ബോധവൽക്കരണ ക്ലാസോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അവറാച്ചൻ്റെ അധ്യക്ഷതയിൽ നടന്ന ജനകീയ മുഖാമുഖം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അസി.എക്സൈസ് കമ്മീഷണർ ജി.സുരേഷ്കുമാർ മുഖ്യാതിഥിയായി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോഷ്നി എൽദോ, വാർഡ് മെമ്പർമാരായ പി.എസ്.സുനിത്ത്, വത്സ വേലായുധൻ, അസി.എക്സൈസ് എൻ.വി.റെജി, സിവിൽ എക്സൈസ് ഓഫീസർ ഗോപാലകൃഷ്ണൻ, പട്ടികജാതി വികസന ഓഫീസ് സീനിയർ ക്ലർക്ക് ശ്രീനാഥ്.എസ് , രാംദാസ് രായമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നാണ് കോളനിയിലെ വീടുകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശമുയർത്തി ഭവന സന്ദർശനം നടത്തിയത്. ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ലഘുലേഖയും ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയിക്കുന്നതിനുള്ള ഫോൺ നമ്പറുകളും വീടുകളിൽ വിതരണം ചെയ്തു.

സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ലഹരി മാഫിയയുടെ പ്രവർത്തനവും അക്രമ സംഭവങ്ങളും സജീവമാണെന്ന പരാതിയെ തുടർന്നാണ് ജനകീയ മുഖാമുഖവും ഭവന സന്ദർശനവും നടന്നത്.പരിപാടികൾക്ക് പട്ടികജാതി വികസന ഓഫീസർ എസ്.രാജീവ്, വിമുക്തിമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ, എസ്.സി.പ്രമോട്ടർ ബിന്ദുബിജു തുടങ്ങിയവർ നേതൃത്വം നൽകി.