വിദ്യാ‌ർത്ഥികളില്‍ സ്വതന്ത്രവായന പരിപോഷിപ്പിക്കുന്നതിനായി ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകര്‍ക്കായി അവതരിപ്പിച്ച വായനാച്ചങ്ങാത്തം പരിശീലന പരിപാടി പൂർത്തിയായി, സമഗ്രശിക്ഷ ജില്ലയിലെ അധ്യാപകർക്കായി ഉല്ലാസഗണിതം, ഗണിതവിജയം എന്നീ തുടർപരിശീലനങ്ങൾക്കൊപ്പമാണ് ഭാഷാശേഷി വികസിപ്പിക്കാനുതകുന്ന വായനാച്ചങ്ങാത്തം പരിശീലനവും സംഘടിപ്പിച്ചത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 20 മുതൽ 25 വരെ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ സ്കൂളുകളിലായാണ് ബിആർസി കളുടെ നേതൃത്വത്തില്‍ പരിശീലനങ്ങൾ നടന്നത്. പ്രൈമറി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി നടത്തിയ ട്രൈ ഔട്ട് ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. വീട്ടിലൊരു ലൈബ്രറി ഒരുക്കുന്നതിനായി എസ് എസ് കെ വ‍ഴി വിദ്യാർത്ഥികൾക്ക് നൽകിയ പൂന്തോണി, കുന്നിമണികൾ, രസത്തുളളികൾ, പവിഴമല്ലി എന്നീ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വായനാച്ചങ്ങാത്തം പദ്ധതി തയാറാക്കിയിട്ടുളളത്.

പ്രൈമറി ക്ലാസുകൾ താത്കാലികമായി നിർത്തി വയ്ക്കുന്നസാഹചര്യത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ തുടർപ്രവർത്തനങ്ങൾ നടത്താന്‍ വിദ്യാർത്ഥികൾക്ക് സഹായകരമായ രീതിയിൽ ജനുവരി 21 ഓടു കൂടി പൂർത്തിയാക്കുന്ന രീതിയിലാണ് പരിശീലനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് ക്ലസ്റ്ററുകളായി രൂപപ്പെട്ട ചില പ്രദേശങ്ങളിലെ അധ്യാപകർക്ക് പങ്കെടുക്കാന്‍ കഴിയാതെ വന്ന സ്ഥലങ്ങളിൽ അധ്യാപകരുടെ ആവശ്യപ്രകാരം നീ‍ട്ടിവെച്ചതൊഴിച്ചാൽ ജില്ലയിലെ പരിശീലന പരിപാടികൾ വിജയകരമാണെന്ന് എസ് എസ് കെ ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റർ അറിയിച്ചു.