മുട്ട ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. സര്‍ക്കാറിന്റെ ധനസഹായത്തോടെ പൗള്‍ട്രി വികസന കോര്പറേഷന് നടപ്പാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബ്ലോക്ക് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലായി നടത്തുന്ന ഈ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് പറക്കോട് ബ്ലോക്കിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബ്ലോക്കിലെ ഏഴു പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ലയബിലിറ്റി ഗ്രൂപ്പിലെ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും മുട്ടയിടാന്‍ പ്രായമായ 100 കോഴിയെയും കൂടും നല്‍കും. ഓരോ ഗുണഭോക്താവിനും 90,000 രൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണഭോക്തൃ വിഹിതമായി 5000 രൂപ വീതം അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
മുട്ടയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് നടത്തി വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ വനിതാമിത്രം, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, നഗരപ്രിയ എന്നീ പദ്ധതികളിലൂടെ മുട്ട ഉത്പാദനം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ബിവി 3-80 എന്ന ഇനത്തിലുള്ള കോഴികളെയാണ് കൂടും കോഴിയും പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷം 300 മുട്ട വരെ ഇടുന്ന കോഴികളാണ് ഇത്. പദ്ധതി വഴി വിതരണം ചെയ്യുന്ന കൂട്ടില്‍ കോഴികള്‍ക്ക് വെളളം കുടിക്കാനുള്ള സംവിധാനം, കാഷ്ഠം കൂട്ടില്‍ വീഴാതെ പുറത്തേക്ക് പോകാനുള്ള സംവിധാനം എന്നിവയുണ്ടെന്നും മന്ത്രി പറഞ്ഞു.
മുട്ട ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടുന്നതോടൊപ്പം ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണപരമാകുന്ന രീതിയില്‍ മാറ്റിയെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ പദ്ധതിയാണിത്. മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടി ആരോഗ്യമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കോവിഡ് മഹാമാരിക്കിടയിലും ഗുണഭോക്തൃവിഹിതം കൃത്യമായി അടച്ച് സംസ്ഥാന തലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നടത്തിയതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ പദ്ധതി നടത്തിപ്പിനായി ചടുലമായ ഇടപെടലുകളാണ് നടത്തിയത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിനെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തതിന് മന്ത്രിക്ക് നന്ദി അറിയിക്കുന്നതായും, മറ്റുള്ള പഞ്ചായത്തുകള്‍ക്കും കൂടുതല്‍ മുന്നോട്ട് വരാന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകട്ടെയെന്നും എംഎഎല്‍എ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ കോഴിയും കൂടും വിതരണോദ്ഘാടനം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റോഷന് ജേക്കബ്, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്.ബി. രാജീവ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.പി. സന്തോഷ്, എം. മഞ്ജു, സുജ അനില്‍, വിമല മധു, കെപ്കോ ചെയര്മാന് പി.കെ മൂര്‍ത്തി, കെപ്കോ മാനേജിംഗ് ഡയറക്ടര്‍ പി. സെല്‍വകുമാര്‍, കെപ്കോ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജശേഖരന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു