എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

സുസ്ഥിരവികസനത്തിന് പ്രാധാന്യം നല്‍കിയുളള പ്രവര്‍ത്തനങ്ങളെ ലക്ഷ്യം കൈവരിക്കുകയുള്ളൂവെന്ന് പട്ടികജാതി- പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.പിന്നാക്കവിഭാഗങ്ങളുടെ സ്ഥായിയായ വികസനം ലക്ഷ്യമിട്ടുളള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്.പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ , എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നാക്കമേഖലയിലെ യുവജനങ്ങള്‍ക്ക് പരമാവധി തൊഴില്‍ ഉറപ്പു വരുത്തി അവരുടെ സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പരിപാടിയില്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്‌കര്‍ പാഷ ഐ.എ.എസ് അധ്യക്ഷനായി. പട്ടികവര്‍ഗവികസന വകുപ്പ് ഡയറക്ടര്‍ പി.പുകഴേന്തി ഐ.എഫ്.എസ് വിശിഷ്ടാഥിയായി.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 160 വിദ്യാര്‍ഥികള്‍ക്കും ജനറല്‍, മറ്റു പിന്നോക്ക വിഭാഗം എന്നിവയില്‍ നിന്നും 140 വിദ്യാര്‍ഥികള്‍ക്കുമായി 300 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ ഹോട്ടല്‍ സ്‌കില്‍, സാമൂഹ്യനീതി വകുപ്പിന്റെ നാഷണല്‍ ബാക്ക് വേഡ് ക്ലാസ് ഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന എന്നീ സ്‌കീമുകളില്‍ പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. എത്തിയോസ് ഗ്രൂപ്പ് ഡയറക്ടര്‍ ഫിലിപ്പ് തോമസ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് പ്രതാപ് മോഹന്‍ നായര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ വി.സജീവ്, എത്തിയോസ് ഗ്രൂപ്പ് എം.ഡി സി.പി.രാജേഷ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ വൈ.ബിബിന്‍ദാസ്, കെ.എസ്.ബി.ഡി.സി ജില്ലാ മനേജര്‍ ലത, എത്തിയോസ് ഗ്രൂപ്പ് ഏരിയാമാനേജര്‍ നിയാസ് നാസര്‍ എന്നിവര്‍ പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യപരിശീലനം നല്‍കുന്ന സ്ഥാപനമാണ് എത്തിയോസ്. പത്താംക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ക്ക് ടൂറിസം, ഹോസ്പിറ്റാലിറ്റി, കംപ്യൂട്ടര്‍ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. മൂന്ന്, നാല്, ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണ് നടത്തുന്നത്.