തിരുവനന്തപുരത്തെ ദേശീയപാതയിൽ ഈഞ്ചക്കൽ ജംഗ്‌ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ ഫ്‌ളൈഓവർ നിർമിക്കണമെന്ന ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി ആൻറണി രാജു. ദേശീയപാത വികസനവും പൊതുഗതാഗത രംഗത്തെ പ്രശ്നങ്ങളും സംബന്ധിച്ചു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ഡൽഹിയിൽ സന്ദർശിച്ചപ്പോഴാണ് ഉറപ്പു ലഭിച്ചത്.
സർക്കാർ ഉടമസ്ഥതയിലുള്ള ബസ്സുകൾ ഹരിത ഇന്ധനത്തിലേക്കു മാറ്റുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുമെന്നും ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകടങ്ങളും പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി ആൻറണി രാജു അറിയിച്ചു.സി എൻ ജി , എൽ എൻ ജി, ഇലക്ട്രിക്ക് തുടങ്ങിയ ഹരിത ഇന്ധനങ്ങളിലേക്കു വാഹനങ്ങൾ മാറുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രേത്യേക സാമ്പത്തിക പാക്കേജിന് രൂപം നൽകുകയും എൽ എൻ ജിയുടെ വില ഉടൻ നിശ്ചയിക്കുകയും ചെയ്യും.
കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പൊതുമേഖലയിലെ ബസ്സുകൾക്ക് ദേശീയപാതയിലെ ടോൾ നിരക്ക് കുറക്കുന്നകാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഉറപ്പു ലഭിച്ചതായി മന്ത്രി.ദേശീയ പാതയോരത്തുള്ള കെ എസ് ആർ ടി സിയുടെ അനുയോജ്യ സ്ഥലങ്ങളിൽ ലോജിസ്റ്റിക് ഹബ്ബുകൾ നിർമിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ നാഷണൽ ഹൈവേ ലോജിസ്റ്റിക് മാനേജ്‌മന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രകാശ് ഗൗറിനെ കേന്ദ്രമന്ത്രി ചുമത്തപ്പെടുത്തി.
ഡോ ശശി തരൂർ എം പി, ഗതാഗത ഏക്രട്ടറി ബിജു പ്രഭാകർ ഐ. പി. എസ്., ദേശീയപാത അതോറിറ്റി ചെയർപേഴ്സൺ അൽക്ക ഉപാധ്യായ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.