വേനലിന്റെ കാഠിന്യം പിടിമുറുക്കും മുമ്പേ കഴിയുന്നത്ര മേഖലകളില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍.കൊല്ലം കരീപ്ര പഞ്ചായത്തിലെ കല്‍ച്ചിറ കുടിവെള്ള പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. അന്തരീക്ഷ താപനില ഉയരുന്ന വേനല്‍ക്കാലത്ത് മേഖലയില്‍ ജലത്തിന്റെ തോത് കുറയും. കല്ലടയാറ് തുറന്ന് അത്യാവശ്യം പരിഹാരം കാണാമെങ്കിലും ശാശ്വത പരിഹാരത്തിന് പദ്ധതിയുടെ വിപുലീകരണമാണ് ലക്ഷ്യമാക്കുന്നത്. 37 കോടി രൂപയുടെ നവീകരണം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

പാറപ്രദേശത്ത് ജലക്ഷാമം കൂടുമെന്ന് കണ്ട് ആഴം കൂട്ടല്‍ ഉള്‍പ്പെടെ നടപ്പിലാക്കി ഉറവിടങ്ങളിലെ ജലലഭ്യത ഉറപ്പാക്കും. ചെളി നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കും. ജല അതോറിറ്റിയും ജലസേചന വകുപ്പും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കാലപ്പഴക്കം ചെന്ന പദ്ധതികള്‍ ആവശ്യകതയ്ക്കനുസരിച്ച് ആധുനീകരിച്ച് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.