ജില്ലയില്‍ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമാകാന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും മുന്നോട്ടുവരുന്നു. ഇതിനായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ചേര്‍ന്നു ”തുടരണം ജാഗ്രത” എന്ന ക്യാമ്പിന് തുടക്കം കുറിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു.  ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ എക്‌സിബിഷന്‍, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, കുട്ടികള്‍ക്കായി സ്‌ക്രോള്‍, വീഡിയോ നിര്‍മ്മാണ മത്സരങ്ങള്‍, രോഗികളുമായി ആശയവിനിമയം, പ്രമുഖ വ്യക്തികളുടെ വീഡിയോ സന്ദേശങ്ങള്‍ തയ്യാറാക്കി പ്രചരിപ്പിക്കല്‍, വെബിനാര്‍ സീരീസ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കും.

നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണമേഖലാ പ്രോഗ്രാം കണ്‍വീനര്‍ പി ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ വി എസ് ഹരികുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ സി.എസ് നന്ദിനി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വി ആര്‍ ശൈലാഭായ്, എന്‍എസ്എസ് തിരുവല്ല ആര്‍പിസി ആര്‍.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.