കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു നടപ്പിലാക്കുന്ന ഓപറേഷന്‍ ബ്രക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മുല്ലശേരി കനാല്‍ നവീകരണം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കനാലിന്റെ നവീകരണമാണു ശനിയാഴ്ച തുടങ്ങിയത്.

കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് അനുവദിച്ച 10 കോടി രൂപ മുതല്‍മുടക്കിയാണു പ്രവര്‍ത്തനങ്ങള്‍. ജലസേചന വകുപ്പാണു നേതൃത്വം നല്‍കുന്നത്. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എം.ജി.റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിനു കാരണം മുല്ലശേരി കനാലിലെ തടസങ്ങളാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ഇവിടത്തെ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ ഈ ഭാഗങ്ങളിലെ വെള്ളക്കെട്ടിനു പരിഹാരമാകും.

കനാലിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം ജോലികള്‍ ആരംഭിക്കും. രാത്രിയും പകലും ജോലികള്‍ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. നാലു മീറ്റര്‍ വീതിയിലാണു കനാല്‍ നവീകരിക്കുക. രണ്ടര മീറ്ററ്റോളം ബെഡ് ലെവല്‍ താഴ്ത്തും. കനാല്‍ കായലിനോട് ചേരുന്ന ഭാഗംവരെ നവീകരണം നടത്തും. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ബാജി ചന്ദ്രന്റെ മേല്‍നോട്ടത്തിലാണു ജോലികള്‍ പുരോഗമിക്കുന്നത്. ഓപറേഷന്‍ ബ്രേക്ക് ത്രൂവിന്റെ മൂന്നാം ഘട്ടമാണു പുരോഗമിക്കുന്നത്.