സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ വെര്‍ച്വല്‍ ഐ.ടി. കേഡറിന്റെയും കോഴിക്കോട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റീജണല്‍ ഐ.ടി. ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ഫെബ്രുവരി ഏഴിന് രാവിലെ 10ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും.വകുപ്പിലെ ഇ-ഗവര്‍ണന്‍സ് പദ്ധതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് പുതുതായി വെര്‍ച്വല്‍ ഐ.ടി കേഡര്‍ രൂപീകരിച്ചത്. ജീവനക്കാര്‍ക്കിടയില്‍ ഐ.ടി പരിജഞാനവും, അഭിരുചിയുമുള്ളവരെയാണ് വെര്‍ച്വല്‍ ഐ .ടി കേഡറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ.ടി കേഡറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഐ.ടി. മിഷന്റെ മേല്‍നോട്ടത്തില്‍ കേരളാ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ വിദഗ്ദ്ധ പരിശീലനം നല്‍കും.

ചരക്ക് സേവന നികുതി വകുപ്പിന്റെ കോഴിക്കോട് നികുതി കോംപ്ലക്സിലാണ് പുതിയ റീജണല്‍ ഐ.ടി. പരിശീലന കേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതി വകുപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ പരിശീലന കേന്ദ്രമാണ് കോഴിക്കോട് സ്ഥാപിച്ചത്. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് പരിശീലന കേന്ദ്രം ഉള്ളത്. ഇതോടെ വടക്കന്‍ കേരളത്തിലെ ജീവനക്കാരുടെ പരിശീലനം കോഴിക്കോട് സെന്ററില്‍ നടത്താനാകും.
ചടങ്ങില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് അദ്ധ്യക്ഷനായിരിക്കും.നികുതി വകുപ്പ് കമ്മിഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ സ്വാഗതം പറയും.നികുതി വകുപ്പ് സ്പെഷ്യല്‍ കമ്മിഷണര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള, നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍.എസ്, കേരളാ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ സജി ഗോപിനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.