ശബരിമല വനമേഖലയില്‍ ഉള്‍പ്പെട്ട മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ കുടിവെള്ളം എത്തിക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പ് നടപടി സ്വീകരിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വനമേഖലയില്‍ അമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ വളരെ ദൂരം സഞ്ചരിച്ചാണ് ഇപ്പോള്‍ ഓരോ ദിവസവും ആവശ്യത്തിനുള്ള കുടിവെള്ളം എത്തിക്കുന്നത്.

ഇവിടെ താമസിക്കുന്ന നോമാഡിക് മലമ്പണ്ടാരം വിഭാഗങ്ങള്‍ക്കാണ് ട്രൈബല്‍ വകുപ്പ് കുടിവെള്ളം എത്തിച്ചു നല്‍കുക. എംഎല്‍എയുടെ നിര്‍ദേശപ്രകാരം കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രൈബല്‍ ഓഫീസര്‍ എംഎല്‍എയെ അറിയിച്ചു. ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം. ഇതിനായി പെരുനാട് പഞ്ചായത്ത് 15 ലക്ഷം രൂപയുടെ പദ്ധതി വിഭാവനം ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ എംഎല്‍എയെ അറിയിച്ചു.

ഇതിനായി ളാഹ വളഞ്ഞങ്ങാനം കുളം നവീകരിച്ച് ആഴം കൂട്ടും. പുതിയ ടാങ്ക് നിര്‍മിച്ച് പൈപ്പ് ലൈന്‍ നീട്ടും. ഇതിനെല്ലാം കൂടിയാണ് 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം പദ്ധതി ടെന്‍ഡര്‍ ചെയ്യും. ഇതുകൂടാതെ മണ്ണാറക്കുളഞ്ഞി – ചാലക്കയം റോഡരികില്‍ വനംവകുപ്പിന്റെ അനുമതിയോടെ കിണര്‍ നിര്‍മിച്ച് ആദിവാസി ഊരുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.