കെ.എസ്.ഇ.ബി.യുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് പ്രവൃത്തികളുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രൊജക്ട് മാനേജ്‌മെന്റ് പോർട്ടൽ ekiran.kseb.in വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾ, തെരഞ്ഞെടുത്ത ഡവലപ്പർമാർ എന്നിവരെ അണിനിരത്തി ‘100 ദിവസത്തിനുള്ളിൽ 100 മെഗാവാട്ട്’ എന്ന ലക്ഷ്യത്തോടെ പുരപ്പുറ സോളാർ പ്ലാന്റ് നിർമാണം നടന്നു വരുന്നു. 35,000 ഉപഭോക്താക്കൾക്ക് പദ്ധതിയുടെ സബ്‌സിഡിയിൽ നിന്നുള്ള ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈകുന്നേരങ്ങളിൽ അധിക വൈദ്യുതി ആവശ്യകത നിർവഹിക്കുന്നതിന് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പഠന വിധേയമായ ഇടുക്കി രണ്ടാംഘട്ടം 800 മെഗാവാട്ട് വൈദ്യുതി പദ്ധതിയുടെ നിർമ്മാണം 2023-ൽ ആരംഭിക്കാൻ ലക്ഷ്യമിടുന്നതായും മൂഴിയാറിൽ 200 മെഗാവാട്ടിന്റെ രണ്ടാംഘട്ട പദ്ധതിയുടെ പഠനങ്ങൾ നടന്നു വരുന്നതായും വൈദ്യുതി മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബി.എൽ. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർമാരായ ആർ. സുകു, അഡ്വ. വി. മുരുഗദാസ്, വി.ആർ. ഹരി, മിനി ജോര്ജ്ജ്, രാജ് കുമാർ. എസ്, രാധാകൃഷ്ണൻ. ജി, രാജൻ ജോസഫ് എന്നിവർ പങ്കെടുത്തു.