സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ മാസം 14ന് ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.  വിദ്യാലയങ്ങൾക്കുള്ള വിശദമായ മാർഗരേഖ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ മാർഗരേഖ ഫെബ്രുവരി പത്തിന് ശേഷം അറിയിക്കും. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിക്കും. എല്ലാ പരീക്ഷകളും യഥാസമയം നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു .

ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ വിജയകരമായി നടത്തി. പനി, കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന 1500 പേർക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. കുട്ടികളുടെ അക്കാഡമിക് കാര്യങ്ങൾക്കൊപ്പം ആരോഗ്യ കാര്യങ്ങൾക്കും വകുപ്പ് പ്രാധാന്യം നൽകുന്നു. പുതിയ വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ അക്കാഡമിക് കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് മന്ത്രി പറഞ്ഞു.