എറണാകുളം ജില്ലയിൽ അതിഥി ദേവോ ഭവ പ്രൊജക്ടിന്റെ ഭാഗമായി തെരഞ്ഞെടുത്ത ലിങ്ക് വർക്കർമാരുടെ അവലോകന യോഗം ദേശീയ ആരോഗ്യദൗത്യം കോൺഫറൻസ് ഹാളിൽ ചേർന്നു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ അധ്യക്ഷത വഹിച്ചു.

ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ ആരോഗ്യ അനുബന്ധ കാര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യദൗത്യം ജില്ലയിൽ നടപ്പിലാക്കിവരുന്ന പരിപാടിയാണ്‌ അതിഥി ദേവോ ഭവ.

അതിഥി തൊഴിലാളികളുടെ ആവശ്യകത തിരിച്ചറിഞ്ഞും അവരുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടറിഞ്ഞും ഇടപെടുന്നതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ്‌ ലിങ്ക് വർക്കർമാർ. അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകാനിടയുള്ള തടസങ്ങൾ മറികടക്കാൻ ഉതകുന്ന വിധത്തിലാണ്‌ ലിങ്ക് വർക്കർമാരുടെ പ്രവർത്തനം. 2019ൽ ആരംഭിച്ച ഇവരുടെ സേവനം കോവിഡ് പ്രവർത്തനത്തിൽ ഏറെ ഗുണകരമായി ഉപയോഗപ്പെടുത്തുന്നതിന്‌ ജില്ലയ്ക്ക് സാധിച്ചു.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സേവനം കൂടുതൽ വിപുലീകരിക്കാനും അതിഥി തൊഴിലാളികൾക്കിടയിൽ കാര്യക്ഷമമായി ഇടപെടൽ നടത്താനും ഉദ്ദേശിച്ചുകൊണ്ടാണ്‌ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.