സംസ്ഥാനത്തെ 18 ലക്ഷം കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡുകൾ വരുന്ന മാർച്ചിനുള്ളിൽ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.  ഇതിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മതലത്തിൽ മണ്ണ് പരിശോധന നടത്തി കർഷകരെ പരിശീലിപ്പിച്ചാൽ 40 ശതമാനം കാർഷിക ചെലവ് കുറക്കാനും 40 ശതമാനത്തോളം അധിക ഉൽപ്പാദനം നേടാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.  പാറോട്ടുകോണം സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി ബിൽഡിംഗിലുള്ള നവീകരിച്ച സംസ്ഥാന സോയിൽ മ്യൂസിയം ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സോയിൽ ഹെൽത്ത് വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്താകമാനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ തൃശൂരിൽ മാത്രമാണ് ഈ സംവിധാനം ഉള്ളത്.  ഇൻഡ്യയിലെ തന്നെ ഏറ്റവും മികച്ച സോയിൽ മ്യൂസിയമാണ് പാറോട്ട്‌കോണത്തേതെന്നും  പൊതുജനങ്ങൾ, കർഷകർ, കാർഷിക ഗവേഷകർ തുടങ്ങിയവർ മ്യൂസിയം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താനുള്ള തുടർ പ്രവർത്തനങ്ങളും വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന സഹകരണ – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ  പറഞ്ഞു.  തിരുവനന്തപുരം ജില്ലയിലെ മണ്ണ് വിവരങ്ങൾ അടങ്ങിയ അനന്തപുരിയുടെ മണ്ണറിവ് എന്ന കൈപ്പുസ്‌കത്തിന്റെ പ്രകാശനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് സൂക്ഷ്മ നീർത്തട അറ്റ്‌ലസുകളുടെ പ്രകാശനം ഹരിത കേരളമിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ടി.എൻ. സീമ നിർവഹിച്ചു.  നഗരസഭാ കൗൺസിലർ ത്രേസ്യാമ്മാ തോമസ്, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ, അസിസ്റ്റന്റ് ഡയറക്ടർ ദീപ, പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റ് എം. അനിൽ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിയം നവീകരണത്തിനും നീർത്തട അറ്റ്‌ലസ് രൂപീകരണത്തിനും പിന്നിൽ പ്രവർത്തിച്ച ജീവനക്കാർക്കുള്ള പ്രശംസാപത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.