‘സൗര’ പുരപ്പുറ സോളാർ പദ്ധതിയുടെ കൊച്ചി നിയോജക മണ്ഡലതല ഉദ്ഘാടനം കെ ജെ മാക്സി എംഎൽഎ നിർവഹിച്ചു. സൗര പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വരുന്ന പദ്ധതിയാണ് സൗര പുരപ്പുറ സബ്സിഡി സ്കീം. ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടിയിട്ടുള്ള ഈ പദ്ധതിയിൽ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സ‍ർക്കാരിൽ നിന്നും സബ്സിഡി ആനുകൂല്യം ലഭിക്കും. സൗരോർജ്ജനിലയം സ്ഥാപിക്കാൻ ആവശ്യമായ ആകെ തുകയിൽ മൂന്ന് കിലോവാട്ട് വരെ 40 ശതമാനം സബ്സിഡിയും, 3 മുതൽ 10 കിലോവാട്ട് വരെ 20 ശതമാനം സബ്സിഡിയും ലഭിക്കും. മോഡൽ 2 സ്കീം ആണ് നിലവിലുള്ളത്. മട്ടാഞ്ചേരി ഡിവിഷൻ കൗൺസിലർ സനൽമോൻ അധ്യക്ഷനായ യോഗത്തിൽ കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ്, കെഎസ്ഇബി ഉദ്യോഗസ്ഥരായ ആ‍ർ.ഇന്ദു, ഷാജി എം ബാബു, ബ്രൈറ്റ്സൺ ജൂഡ്, ടാറ്റാ പവർ ഉദ്യോഗസ്ഥരായ അജിത്ത് കിട്ടൂർ, സന്ദീപ് എന്നിവർ സംസാരിച്ചു.