കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഇന്ഫര്മേഷന്– പബ്ലിക് റിലേഷന്സ് വകുപ്പിനു കീഴിലുള്ള വയനാട് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ ആഭിമുഖ്യത്തില് വിദ്യാര്ഥികള്ക്കായി വികസന ക്വിസ്, പോസ്റ്റര് രചനാ മത്സരങ്ങളും പൊതുജനങ്ങള്ക്കായി പ്രബന്ധരചനാ മത്സരവും സംഘടിപ്പിക്കുന്നു. ക്വിസ്, പോസ്റ്റര് രചനാ മത്സരങ്ങളില് ജില്ലയിലെ ഹൈസ്‌കൂള്– ഹയര്സെക്കന്ഡറി സ്‌കൂള്– കോളേജ് വിദ്യാര്ഥികള്ക്കും പ്രബന്ധരചനാ മത്സരത്തില് പ്രായഭേദമന്യേ ജില്ലയിലെ പൊതുജനങ്ങള്ക്കും (ജോലി ചെയ്യുന്നവര് ഉള്പ്പെടെ) പങ്കെടുക്കാം. മത്സരങ്ങളില് ഒന്നാം സ്ഥാനത്തിന് 2000 രൂപ, രണ്ടാം സ്ഥാനത്തിന് 1500, മൂന്നാം സ്ഥാനത്തിന് 1000 രൂപ വീതം കാഷ് അവാര്ഡും മറ്റ് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
ക്വിസ് മത്സരം ഓണ്ലൈനായി ഗൂഗിള് ഫോം വഴി ഫെബ്രുവരി 13 ന് ഞായര് രാവിലെ 10 മണിക്ക് നടക്കും. https://forms.gle/u4EtVNACU6xK4uTk8 എന്ന ലിങ്ക് വഴി വിദ്യാര്ഥികള്ക്ക് മത്സരത്തില് പങ്കെടുക്കാം. മത്സരം തുടങ്ങുന്ന സമയത്ത് മാത്രമേ ലിങ്ക് വഴി പ്രവേശിക്കാന് കഴിയൂ. പങ്കെടുക്കാന് താത്പര്യമുള്ള ഹൈസ്‌കൂള്– ഹയര് സെക്കന്ഡറി സ്‌കൂള്– കോളേജ് വിദ്യാര്ഥികള് diowayanad2@gmail.com ലേക്ക് മെസേജ് അയച്ചാലും ലിങ്ക് ലഭിക്കും.
പോസ്റ്റര് രചനാ മത്സരം കെ. റെയില്– അതിവേഗം കേരളം എന്ന വിഷയത്തിലാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന് താത്പര്യമുള്ള വിദ്യാര്ഥികള് എ3 വലുപ്പത്തിലുള്ള പേപ്പറില് വാട്ടര് കളര്/ ഓയില് പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച് ഫെബ്രുവരി 14 ന് വൈകീട്ട് അഞ്ച് മണിക്കകം കല്പ്പറ്റ സിവില് സ്റ്റേഷനിലുള്ള ജില്ലാ ഇന്ഫര്മേഷന് ഓഫീസില് നേരിട്ടോ തപാല് വഴിയോ എത്തിക്കണം. പോസ്റ്ററിന് പിന്നില് വിദ്യാര്ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, വിലാസം, മൊബൈല് നമ്പര് എന്നിവ രേഖപ്പെടുത്തണം.
പൊതുജനങ്ങള്ക്കായി നടത്തുന്ന പ്രബന്ധരചനാ മത്സരത്തിന്റെ വിഷയം സില്വര് ലൈന് പദ്ധതിയും കേരളത്തിന്റെ വികസനവും എന്നതാണ്. 1000 വാക്കുകളില് കവിയാതെ മലയാളത്തില് തയ്യാറാക്കിയ മൗലിക രചനകള് ഫെബ്രുവരി 14 ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ ഇന്ഫര്മേഷന് ഓഫീസില് എത്തിക്കുകയോ https://forms.gle/PseFHv7uuvnnx4zd8 ഗൂഗിള് ഫോം ലിങ്കു വഴി അപ്‌ലോഡ് ചെയ്യുകയോ വേണം. diowayanad2@gmail.com ലേക്ക് മെസേജ് അയച്ചാലും ലിങ്ക് ലഭിക്കും. രചനയോടൊപ്പം മറ്റൊരു പേപ്പറില് പേരും വിലാസവും മൊബൈല് നമ്പറും എഴുതി അയയ്ക്കണം. വിലാസം: ജില്ലാ ഇന്ഫര്മേഷന് ഓഫീസ്, സിവില് സ്റ്റേഷന്, കല്പ്പറ്റ, വയനാട്.