വിദ്യാഭ്യാസ ചരിത്രത്തില്‍ ഇത്രയധികം വികസനങ്ങള്‍ നടന്ന കാലം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് വി.ശശി എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത 53 ബഹുനില മന്ദിരങ്ങളില്‍ ഒന്നായ മേനംകുളം എല്‍.പി. എസ് കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറയിന്‍കീഴ് മണ്ഡലത്തിലെ സ്‌കൂളുകളില്‍ 22 കോടിയുടെ അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മേനംകുളം എല്‍. പി. സ്‌കൂളിലെ നിലവിലുള്ള പഴയ കെട്ടിടം പുതുക്കി പണിയുമെന്നും വിദ്യാലയത്തിന് പുതിയ പ്രവേശന കവാടം നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലാന്‍ ഫണ്ടില്‍ നിന്നും  ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ബഹുനില  കെട്ടിടത്തില്‍ നാല് സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സ്റ്റാഫ് മുറി, ഓഫീസ് മുറി, ലൈബ്രറി, കമ്പ്യൂട്ടര്‍ മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ എം.എല്‍.എ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മിക്കുന്ന ഡൈനിംഗ് ഹാള്‍, അടുക്കള, സ്റ്റോര്‍ മുറി എന്നിവയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അന്‍സാരി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി. ആര്‍,  കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി, ഹെഡ്മാസ്റ്റര്‍ ആനന്ദകുട്ടന്‍ എം, വിവിധ ജനപ്രതിനിധികള്‍ അദ്ധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.