ഓക്‌സിലറി ഗ്രൂപ്പുകൾ മുഖേന അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കാൻ പുത്തൻ വഴിതെളിച്ച് കുടുംബശ്രീ. 3,06,692 അംഗങ്ങളാണ് നിലവിൽ ഓക്‌സിലറി ഗ്രൂപ്പുകളിലുള്ളത്.

1998ൽ കേരളത്തിൽ ആരംഭിച്ച ദാരിദ്ര നിർമ്മാർജ്ജന മിഷനാണ് കുടുംബശ്രീ. 24 വർഷംകൊണ്ട് സംസ്ഥാനത്തിന്റെ പ്രാദേശിക-സാമ്പത്തിക വികസനത്തിനും, സ്ത്രീശാക്തീകരണത്തിനും കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യക്കും ലോകത്തിനും മാതൃകയായ വിവിധ ഉപജീവന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടുംബശ്രീ, ഈ സർക്കാർ നിലവിൽ വന്നശേഷമുള്ള പുതിയ തുടക്കമാണ് ഓക്‌സിലറി ഗ്രൂപ്പുകൾ.

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. ഓരോ വാർഡിലും ചുരുങ്ങിയത് പത്ത് പേരടങ്ങിയ ഗ്രൂപ്പ് രൂപീകരിക്കാനാണ് കുടുംബശ്രീ മിഷൻ നിർദ്ദേശം നൽകിയിരുന്നത്. വാർഡിലെ അംഗങ്ങളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഒരു വാർഡിൽ ഒന്നിൽ കൂടുതൽ ഗ്രൂപ്പുകൾ രൂപീകരിക്കാനും അനുമതി ഉണ്ടായിരുന്നു. ഇതുപ്രകാരം 10 മുതൽ 50 അംഗങ്ങൾ വരെയുളള ഗ്രൂപ്പുകൾ കേരളത്തിലെ 19,438 വാർഡുകളിലും രൂപീകരിച്ചിട്ടുണ്ട്. ആകെ 3,06,692 അംഗങ്ങൾ ഉളള 19,551 ഗ്രൂപ്പുകളുടെ പങ്കാളിത്തമാണ് ഓക്സിലറി ഗ്രൂപ്പുകൾക്കുള്ളത്.

ഒരു കുടുംബത്തിലെ ഒരംഗം മാത്രം കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് പ്രത്യേകിച്ച് മകൾ/ മരുമക്കൾ എന്നിവർക്ക് അംഗമാകാൻ സാധിക്കാത്ത അവസ്ഥയുണ്ട്. യുവജനതയ്ക്ക് സംസാരിക്കാനും പ്രവർത്തിക്കാനും ഒരു വേദി വേണമെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ സ്ത്രീ ശാക്തീകരണത്തിനായി ആദ്യം മുന്നോട്ട് വെച്ച ആശയങ്ങളിലൊന്നാണ് ഓക്സിലറി ഗ്രൂപ്പുകൾ. ആറ് മാസത്തിനുളളിൽ 3,06,692 പേരുടെ പങ്കാളിത്തത്തോടെ നൂറ് ശതമാനം വാർഡുകളിലും ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത് എന്നത് കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന്റെ സംഘടനാ മികവ് വ്യക്തമാക്കുന്നതാണ്.

സ്ത്രീധനത്തിനും ഗാർഹികപീഡനത്തിനും പരിഹാരം കണ്ടെത്തൽ, യുവജന കമ്മീഷൻ, യുവജനക്ഷേമ ബോർഡ് തുടങ്ങിയവയുടെ പ്രവർത്തനം പരിചയപ്പെടുത്തൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളും മറ്റും നടപ്പാക്കുന്ന ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ, എങ്ങനെ വരുമാനം നേടാനാകുമെന്ന അറിവും അത് പ്രയോജനപ്പെടുത്താനുള്ള അവസരവും ഒരുക്കൽ, സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുളളവർക്ക് അവസരങ്ങൾ നൽകൽ എന്നിവ ഓക്സിലറി ഗ്രൂപ്പുകളുടെ ലക്ഷ്യമാണ്. അംഗങ്ങൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകി, തൊഴിൽ ലഭ്യതയിലേക്ക് കൈപിടിച്ചുയർത്താനുള്ള പദ്ധതികളുമായാണ് കുടുംബശ്രീയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.