കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മാർച്ച് 18 ന് വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
എട്ടു ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകൾ ഐ.എഫ്.എഫ്.കെയിലുണ്ട്.
അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്‌ളിക്റ്റ് എന്ന പാക്കേജ് ഇത്തവണത്തെ മേളയുടെ ആകർഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്സ് വീക്ക് എന്ന പേരിൽ പ്രദർശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.