ക്ഷീരമേഖലയിലെ മികച്ച കുട്ടി കര്‍ഷകന് മില്‍മയുടെ സ്‌നേഹോപഹാരം മന്ത്രി റോഷി അഗസ്റ്റിന്‍ കൈമാറി. പഠനത്തിനൊപ്പം 16 പശുക്കളെ വളര്‍ത്തി ക്ഷീര മേഖലയില്‍ വിസ്മയം സൃഷ്ടിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന കുട്ടികര്‍ഷകനാണ് മില്‍മ സഹായമെത്തിച്ചത്. മാത്യു ബെന്നിയുടെ കഠിനാദ്ധ്വാനം മനസിലാക്കിയ മില്‍മ എറണാകുളം മേഖല ഒന്നരലക്ഷം രൂപ തൊഴുത്ത് നിര്‍മിക്കാന്‍ അനുവദിക്കുകയായിരുന്നു.
വിദ്യാര്‍ഥിയായ മാത്യു ബെന്നിയെ പോലെയുള്ള ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനമാണെന്നും കഠിനാധ്വാനത്തിലൂടെ ക്ഷീര മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഇത്തരം സമീപനം അനേകര്‍ക്ക് പ്രചോദനമാണെന്നും ആനുകൂല്യം കൈമാറിക്കൊണ്ട് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലസേചന വകുപ്പിന്റെ കീഴിലുള്ള മലങ്കര ജലാശയം, വിവിധ ഡാമുകള്‍ എന്നിവിടങ്ങളില്‍ ഒരുക്കുന്ന ടൂറിസം വികസന പദ്ധതികളോടനുബന്ധിച്ച് മില്‍മയുടെ വിപണന ഷോപ്പുകള്‍ തുറക്കുന്നതിനു അനുമതി നല്‍കുമെന്നും ചടങ്ങില്‍ മന്ത്രി അറിയിച്ചു.
മാത്യുവിനൊപ്പം മറ്റ് സഹോദരങ്ങളും പശുവളര്‍ത്തലില്‍ തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ മാത്യുവിനും സഹോദരങ്ങള്‍ക്കും 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ ഡ്രൈവിംഗ് ലൈസന്‍സില്ല. അതിനാല്‍ അറക്കുളത്തുനിന്നും പാല്‍ ശേഖരിക്കാന്‍ എത്തുന്ന വാഹനത്തില്‍ കയറ്റി അയയ്ക്കുകയാണ് പതിവ്. മക്കളുടെ കാലിവളര്‍ത്തലിന് പ്രോല്‍സാഹനവും പിന്തുണയുമായി മാതാവ് ഷൈനി ബെന്നിയും ഒപ്പമുണ്ട്.
അറക്കുളം ക്ഷീര സംഘത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഷിബു ജോസഫ്, മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്ട്, സംഘം പ്രസിഡന്റ് ജോസ് ഇടവക്കണ്ടം, വല്‍സ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. മാത്യു ബെന്നിയുടെ വീട്ടിൽ മന്ത്രിയും മില്‍മ ഭാരവാഹികളും സന്ദര്‍ശനം നടത്തി.