നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം

ആലപ്പുഴ: ആദിപമ്പ, വരട്ടാര്‍ നദികളുടെ രണ്ടാം ഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെയും വരട്ടാറിന് കുറുകെയുള്ള തൃക്കയില്‍ പാലത്തിന്റെ നിര്‍മാണത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 14 നടക്കും. വൈകുന്നേരം നാലിന് തൃക്കയില്‍ പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഫിഷറീസ്- സാംസ്‌കാരിക വകുപ്പ്  മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും.

ചെങ്ങന്നൂര്‍, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെയാണ് വരട്ടാര്‍, ആദി പമ്പ നദികള്‍ ഒഴുകുന്നത്. രണ്ട് നദികളുടെയും ജലമൊഴുക്ക് സുഗമമാക്കി സമീപ പ്രദേശങ്ങളിലെ കൃഷിക്കും മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ജലലഭ്യത ഉറപ്പാക്കുകയും മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണുകയുമാണ് പുനരുജ്ജീവന പദ്ധതിയുടെ ലക്ഷ്യം.

ജലസേചന വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തൃക്കയില്‍ പാലം പൂര്‍ത്തിയാകുന്നതോടെ വൃന്ദാവന്‍ കോളനി ഉള്‍പ്പടെ സമീപ പ്രദേശങ്ങളിലെ യാത്രാക്ലേശത്തിനും പരിഹാരമാകും.