കുമ്പളങ്ങി ഹെൽത്ത് ബ്ലോക്കിനെ മലമ്പനി മുക്തമായി പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം കെ.ജെ മാക്സി എംഎൽഎ നിർവഹിച്ചു. ഹെൽത്ത്‌ ബ്ലോക്കിൽ ഉൾപെടുന്ന കുമ്പളങ്ങി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തദ്ദേശിയമായ ഒരു മലമ്പനി കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലും, പഞ്ചായത്തുകളുടെ പരിധിയിലെ എല്ലാ വാർഡുകളും മലമ്പനി മുക്തമായി പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിലുമാണ് കുമ്പളങ്ങി ഹെൽത്ത്‌ ബ്ലോക്ക് മലമ്പനി മുക്ത ഹെൽത്ത്‌ ബ്ലോക്ക്‌ ആയി പ്രഖ്യാപിച്ചത്.

അതിഥി തൊഴിലാളികൾക്കുൾപ്പെടെ എല്ലാ വാർഡുകളിലും രക്തപരിശോധന, പനി സർവ്വേ, ബോധവത്കരണ പരിപാടികൾ എന്നിവ പൂർത്തിയാക്കിയ ശേഷമായിരുന്നു പ്രഖ്യാപനം.

പള്ളുരുത്തി ബ്ലോക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി, വൈസ് പ്രസിഡൻ്റ് ജോബി പനയ്ക്കൽ, കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.