ആലപ്പുഴ: നവീകരിച്ച തിരുവിഴ എ.എസ് കനാല്‍ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് അടിസ്ഥാന സൗകര്യ മേഖലയില്‍ സമാനതകളില്ലാത്ത വികസനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

എ.എസ് കനാലിന്‍റെ തീരം വഴിയുള്ള റോഡ് നേരത്തെ കഞ്ഞിക്കുഴി വരെ പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്‍റെ ശേഷിക്കുന്ന ഭാഗമായ എ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡാണ് 15 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചത്. ഇതോടുകൂടി കനാലിന്‍റെ കരയിലൂടെ പാതിരാപള്ളി മുതല്‍ തിരുവിഴ വരെ നാഷണല്‍ ഹൈവേക്ക് സമാന്തരമായി കനാല്‍ക്കരയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും.

ചടങ്ങിൽ പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായിയിരുന്നു. ജില്ലാ പഞ്ചയത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി മോഹനൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുദര്‍ശനാഭായ് ടീച്ചർ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സി.സി.ഷിബു, ഗ്രാമപഞ്ചായത്ത് അംഗം സീമ ദിലീപ്, കെ.കെ കുമാരൻ പെയിൻ ആന്‍റ് പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ആർ. അനിൽകുമാർ തുടങ്ങിയർ പങ്കെടുത്തു.