*മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു
ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലയുടെ വളര്‍ച്ചയുടെയും വികസനത്തിന്റെയും നേര്‍സാക്ഷ്യമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന പര്യടന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ജില്ലയുടെ വികസനവും വികസന കാഴ്ചപ്പാടുകളും പൊതുജനങ്ങളിലെത്തിക്കുകയാണ് ചിത്ര പ്രദര്‍ശന വാഹന പര്യടനത്തിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് പറഞ്ഞു. ജില്ലയുടെ രൂപീകരണ കാലം തൊട്ടുള്ള കുടിയേറ്റ ജനതയുടെ കഷ്ടപ്പാടിന്റെയും
അധ്വാനത്തിന്റെയും പരിണിതഫലമായി രൂപപ്പെട്ട പ്രദേശത്തിന്റെ വികസനം പ്രധാനപ്പെട്ട കാര്യമാണ്.
കഴിഞ്ഞ കാലത്തിലെ വിവിധ ജനപ്രതിനിധികളും, സര്‍ക്കാരുകളും നിരവധി പ്രതിബന്ധങ്ങളെ മറികടന്നാണ് ജില്ലയെ ഇന്നത്തെ പ്രൗഡിയില്‍ എത്തിച്ചിട്ടുള്ളത്. വിദ്യാഭ്യാസ-ആരോഗ്യ – വൈദ്യുത രംഗത്തടക്കം എല്ലാ മേഖലയിലും മാറ്റങ്ങള്‍ സാധ്യമായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും, നിലവാരമുള്ള വിദ്യാലയങ്ങളും വികസനത്തിനുദാഹരണമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ ശ്വാശത പരിഹാരം കാണുവാനുള്ള ശ്രമമുണ്ടാകും. ടൂറിസം മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായി. ലൈഫ് മിഷനിലൂടെ ഭവന രഹിതരായ എല്ലാവര്‍ക്കും വീട്, മൂലമറ്റം വൈദ്യുതിനിലയത്തില്‍ നിന്ന് 800 മെഗാവാട്ട് വൈദ്യുതി പുതുതായി ഉദ്പാദിപ്പിക്കുവാന്‍ കഴിയുന്ന നാല് ജനറേറ്ററുകളുടെ പ്രവര്‍ത്തനവും ആരംഭിക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി വികസന പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിലും ജില്ലയില്‍ പ്രത്യേകിച്ചും നടപ്പാക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ജില്ലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അണിയിച്ചൊരുക്കിയ സുവര്‍ണ്ണ ഗീതം ആസ്വദിക്കുന്നതിനായി പ്രത്യേക സ്‌ക്രീനും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ചിത്ര പ്രദര്‍ശന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് കെ.ആര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൊടുപുഴയില്‍ നിന്നാരംഭിച്ച സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന പ്രചരണ പരിപാടി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി 19 ന് അടിമാലിയില്‍ സമാപിക്കും.