പച്ചതേങ്ങാ സംഭരണം എല്ലാ ജില്ലകളിലും ഉടന്‍ തന്നെ വിപുലപ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്.
നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കാനും കേര കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാനും ലക്ഷ്യമിട്ട് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും വളവന്നൂര്‍ കുത്തരിയുടെ ആദ്യ വില്‍പനയും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തേങ്ങാ സംഭരണത്തിനായി ആവശ്യമെങ്കില്‍ പ്രത്യേക സംഭരണ വാഹന സൗകര്യം എല്ലാ ജില്ലകളിലും സജ്ജമാക്കും. കേരകര്‍ഷകര്‍ക്ക് ഉണ്ടാകുന്ന എല്ലാബുദ്ധിമുട്ടുകളും സമയ ബന്ധിതമായി പരിഹരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.നാളികേരത്തില്‍ നിന്ന് വിവിധ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും ബ്രാന്റിങ്ങും ചെയ്യണം. കൃഷി ഭവനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, എഫ്.പി.ഒകള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. അധ്യക്ഷനായി.