*ആദ്യ ഘട്ടത്തില്‍ 2000 പേര്‍ക്ക് പരിശീലനം നല്‍കി
*പാഷന്‍ ഫ്രൂട്ട് നടീല്‍ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം
പോഷകസമൃദ്ധമായ പാഷന്‍ ഫ്രൂട്ടിനും അതില്‍ നിന്നുണ്ടാക്കുന്ന സ്‌ക്വാഷിനും ജാമിനും ആവശ്യക്കാരേറിയതോടെ പാഷന്‍ ഫ്രൂട്ട് കൃഷിയെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. വീട്ടുമുറ്റത്തും തൊടിയിലും കൃഷിചെയ്യാവുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്റെ നേതൃത്വത്തില്‍ തേങ്കുറുശി, ആലത്തൂര്‍, കിഴക്കഞ്ചേരി, മേലാര്‍ക്കോട്, എലവഞ്ചേരി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 50 പേരടങ്ങുന്ന സ്ത്രീകള്‍ക്ക് 40 ബാച്ചുകളിലായി ജില്ലയില്‍ 2000 പേര്‍ക്ക് പരിശീലനം നല്‍കി. പാഷന്‍ ഫ്രൂട്ട് കൃഷിയുടെ പ്രത്യേകതയും ആവശ്യകതയും, വിള പരിപാലനം, വിളവെടുപ്പ്, വിപണന സാധ്യതകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും വിഷയങ്ങളിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് വഴി അധിക വരുമാനം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പാഷന്‍ ഫ്രൂട്ടില്‍ നിന്ന് ജാം, സ്‌ക്വാഷ് നിര്‍മാണം, സംസ്‌കരണം എന്നിവയുടെ തുടര്‍ പരിശീലനങ്ങളും കുടുംബശ്രീ തന്നെ നല്‍കും. ഒരാള്‍ക്ക് അഞ്ചു വീതം 10000 പാഷന്‍ ഫ്രൂട്ട് തൈകള്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ സൗജന്യമായി വിതരണം ചെയ്യും. പ്രത്യേകമായി തയാറാക്കി മുളപ്പിച്ചെടുത്ത തൈകളാണ് വിതരണം ചെയ്യുന്നത്. ജില്ലയിലുടനീളം കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകളെ പാഷന്‍ ഫ്രൂട്ട് കൃഷിയിലേക്കെത്തിച്ച് പാഷന്‍ ഫ്രൂട്ട് ജാം, സ്‌ക്വാഷ്, ജ്യൂസ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കാനുള്ള ശ്രമവും ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. പാഷന്‍ ഫ്രൂട്ട് നടീല്‍ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലത്തൂര്‍ പഞ്ചായത്തില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി, എം.കെ.എസ്.പി ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്യ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രജനി തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് 28000 കര്‍ഷകര്‍ക്ക് പാഷന്‍ ഫ്രൂട്ട് കൃഷിയില്‍ പരിശീലനം നല്‍കി ഓരോ ജില്ലയിലും 10000 തൈകള്‍ വീതം നടാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കുടുംബശ്രീയുടെ മഹിള കിസാന്‍ ശക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) പദ്ധതിയുടെ ഭാഗമായാണ് പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലയില്‍ നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ ഫാമില്‍ പാഷന്‍ ഫ്രൂട്ട് കൃഷി വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ജാം, സ്‌ക്വാഷ് എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. നെല്ലിയാമ്പതി ഫാമിലുള്ള മൂല്യവര്‍ധിത യൂനിറ്റിലേക്ക് പാഷന്‍ ഫ്രൂട്ട് എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയുന്ന പഞ്ചായത്തുകളാണ് പദ്ധതിക്കായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.