*ബോധവത്കരണ ക്ലാസുകൾ 19മുതൽ

വൈപ്പിൻ: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച ‘ഇനിയും വൈപ്പിൻകര കരയാതിരിക്കാൻ’ സമഗ്ര റോഡ് സുരക്ഷാപദ്ധതിയുടെ ആദ്യഘട്ടത്തിന് വിജയകരമായ പരിസമാപ്‌തി. രണ്ടുദിനങ്ങളിലായി വൈപ്പിൻദ്വീപിലെ ആറുപഞ്ചായത്തുകളിലും ദേശീയപാതയിൽ നിശ്ചിതയിടങ്ങൾ കേന്ദ്രീകരിച്ച് മൂന്നുമണിക്കൂർ വീതം നടത്തിയ ബോധവത്കരണ കാമ്പയിനിലൂടെ പതിനായിരങ്ങളിലേക്ക് റോഡ് സുരക്ഷ, വാഹനാപകട നിയന്ത്രണ സന്ദേശങ്ങൾ എത്തിക്കാൻ കഴിഞ്ഞതായി എംഎൽഎ പറഞ്ഞു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര,എടവനക്കാട്,നായരമ്പലം എന്നിവിടങ്ങളിൽ ക്യാമ്പയിനുകൾ നടന്നു.

പദ്ധതിയുടെ രണ്ടാംഘട്ടമായ ദ്വിദിന ബോധവത്കരണ പഠന ക്ലാസുകൾ ഈ മാസം 19, 20 തീയതികളിൽ നടക്കും. 19നു രാവിലെ 10നു ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ എറണാകുളം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി യു കുര്യാക്കോസും 20നു രാവിലെ 10ന് മുൻമന്ത്രി എസ് ശർമ്മയും ക്ലാസുകൾ ഉദ്ഘാടനം ചെയ്യും. ആറു കേന്ദ്രങ്ങളിലും തദ്ദേശ, സഹകരണ സ്ഥാപന ഭാരവാഹികൾക്കൊപ്പം പോലീസ്, വാഹന വകുപ്പ് ഉദ്യോഗസ്ഥരും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും മറ്റു സന്നദ്ധ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.