കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0 യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാവിലെ 11.30നാണ് ചടങ്ങ്. ഉദ്ഘാടനത്തേടനുബന്ധിച്ച് അമൃത് 2.0 യുടെ സവിശേഷതകളും പ്രാധാന്യവും സംബന്ധിച്ച് വിശദമായ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുക, അമൃത് 1 ൽ ഉൾപ്പെട്ട ഒമ്പത് നഗരങ്ങളിൽ (സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് എന്നീ മുനിസിപ്പാലിറ്റികളും) ദ്രവമാലിന്യ സംസ്‌ക്കരണം ഉറപ്പ് വരുത്തുക, ജലാശയങ്ങൾ പുനരുജ്ജീവിപ്പിച്ച് അതിന് ചുറ്റുമുള്ള പ്രദേശം ഹരിതാഭമാക്കി പാർക്കുകളായി വികസിപ്പിക്കുക തുടങ്ങിയവ അമൃത് 2.0 ൽ ഉൾപ്പെടുന്നു. 1372 കോടി രൂപയാണ് കേരളത്തിന് അമൃത് 2.0 യിൽ കേന്ദ്ര സഹായം ലഭിക്കുക. സംസ്ഥാന വിഹിതം ഉൾപ്പടെ ഏകദേശം 3600 മുതൽ 4000 കോടി രൂപ വരെയുള്ള വിവിധ പദ്ധതികളാണ് അമൃത് 2.0 യിൽ വിഭാവനം ചെയ്യുന്നത്. 2011 ലെ ജനസംഖ്യ അനുസരിച്ച് ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള 84 മുനിസിപ്പാലിറ്റികൾക്ക് (കോട്ടയം, ആലപ്പുഴ, പാലക്കാട് ഒഴികെ) 50 ശതമാനം കേന്ദ്ര വിഹിതവും കോട്ടയം, ആലപ്പുഴ, പാലക്കാട് എന്നീ മുനിസിപ്പാലിറ്റികൾക്കും ആറ് കോർപ്പറേഷനുകൾക്കും മൂന്നിലൊന്ന് കേന്ദ്ര സഹായവും ലഭിക്കും.
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരുടെ സന്ദേശങ്ങൾ ഓൺലൈനായി നൽകും. ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (തദ്ദേശ സ്വയംഭരണ വകുപ്പ്), അഡീഷണൽ ചീഫ് സെക്രട്ടറി (ജല വിഭവ വകുപ്പ്), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.