തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കാർഷിക വിപണിക്ക് തുടക്കമിട്ട് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം. സഞ്ചരിക്കുന്ന കാർഷിക വിപണിയുടെ ഉദ്ഘാടനം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ വളപ്പിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇ.മുഹമ്മദ് സഫീർ ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.സി.കെ പാപ്പാൻചാണി സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിലാണ് പച്ചക്കറി വിപണി ഒരുക്കിയത്.

കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച നാടൻ പച്ചക്കറികളാണ് സഞ്ചരിക്കുന്ന പച്ചക്കറി വിപണിയിലൂടെ വിൽക്കുന്നത്. വെള്ളരി, വെണ്ട, പയർ, പാവൽ, എത്തക്ക, ചുരക്ക തുടങ്ങിയ നാടൻ പച്ചക്കറികളും പഴങ്ങളും ലഭ്യമാണ്. ഇടനിലക്കാരില്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പച്ചക്കറികൾ  വാങ്ങാം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ സിവിൽ സ്റ്റേഷന് മുന്നിൽ വൈകിട്ട് മൂന്ന് മുതൽ അഞ്ച് മണി വരെ സഞ്ചരിക്കുന്ന കാർഷിക വിപണി പ്രവർത്തിക്കും.

വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ഷീജാ മാത്യു, ഡെപ്യൂട്ടി മാനേജർ സിന്ധുകുമാരി.ആർ, പ്രസിഡന്റ് ഷൈജു.ആർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.