പ്രതിസന്ധികളെ അവസരമാക്കി മാറ്റി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ഭരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ കഴിഞ്ഞു പോയ വികസന പ്രവര്‍ത്തനങ്ങളും തുടര്‍ പദ്ധതികളും പങ്കുവയ്ക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍.

ആനപ്പിണ്ടത്തില്‍ നിന്ന് വളം ഉത്പാദിപ്പിച്ച് കൂവപ്പടി മാതൃക

പെരിയാറിനോട് തൊട്ടുചേര്‍ന്നു സ്ഥിതിചെയ്യുന്ന കോടനാട് അഭയാരണ്യം ആനപരിപാലന കേന്ദ്രം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് ഉള്‍പ്പെടുന്നത്. ഇവിടെ ആനപ്പിണ്ടവും മറ്റ് വിസര്‍ജ്യങ്ങളും നിര്‍മാര്‍ജനം ചെയ്യാനാകാതെ കൂടിക്കിടന്ന് പുഴയിലേക്ക് ഒഴുകുകയും മലിനീകരണ പ്രശ്‌നമായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതി, ആനപ്പിണ്ടത്തില്‍ നിന്ന് ജൈവവളം ഉണ്ടാക്കുക എന്ന പദ്ധതിക്ക് രൂപം നല്‍കി. അഭയാരണ്യത്തില്‍ മാലിന്യപ്ലാന്റിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് അധികാരത്തില്‍ വന്ന നിലവിലെ ഭരണസമിതി പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കി. കേരളത്തിനാകെ മാതൃകയായി ആനപ്പിണ്ടത്തില്‍ നിന്ന് വളം ഉത്പാദിപ്പിക്കുകയാണ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ഫോറസ്റ്റ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. വലിയൊരു വെല്ലുവിളിയെ ക്രിയാത്മകമായി പരിഹരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ പറയുന്നു.

നീര്‍ച്ചാലുകളെ പുനരുജ്ജീവിപ്പിക്കല്‍

കാര്‍ഷികരംഗത്ത് മികച്ച പാരമ്പര്യമുള്ള പ്രദേശമാണ് കൂവപ്പടി ബ്ലോക്ക്. പക്ഷേ വലിയൊരു ശതമാനം പാടശേഖരങ്ങളും കൃഷിയിടങ്ങളും തരിശായി മാറുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു പ്രധാന കാരണം. പരിഹാരമാര്‍ഗമായി പാടശേഖരങ്ങളിലെ നിര്‍ജീവമായിരുന്ന നീര്‍ച്ചാലുകളെ പുനരുജ്ജീവിക്കാനും, കുളങ്ങളും തോടുകളും ഉപയോഗപ്രദമാക്കി മാറ്റാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നെല്‍കൃഷിക്കാണു പ്രധാന പരിഗണന. അതിനൊപ്പം ഫലവര്‍ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യാനുള്ള പ്രോത്സാഹനം കൊടുക്കുന്നുണ്ട്.

വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകി

കൂവപ്പടി ബ്ലോക്കിലെ പാണിയേലിയും പാണംകുഴിയും വിനോദസഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ഇടങ്ങളാണ്. കോവിഡിനു മുമ്പ് പ്രതിവര്‍ഷം ഏകദേശം ഒരു ലക്ഷം ആളുകളാണ് എത്തിക്കൊണ്ടിരുന്നത്. കോവിഡിനെ തുടര്‍ന്ന് നാലില്‍ ഒന്നായി കുറഞ്ഞു. എങ്കിലും അവിടേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി ഒരുക്കുന്നതില്‍ ബ്ലോക്ക് പഞ്ചായത്ത് ശ്രദ്ധ ചെലുത്തുന്നു.

വന്യജീവികള്‍ വെല്ലുവിളിയായപ്പോള്‍

വന്യജീവികളുടെ ആക്രമണം കര്‍ഷകരെയും ജനങ്ങളെയും ഒരുപോലെ ബാധിച്ചിരുന്ന വിഷയമായിരുന്നു. ബ്ലോക്ക് പരിധിയിലെ വേങ്ങൂര്‍, കൂവപ്പടി, മേക്കപ്പാല, പാണിയേലി തുടങ്ങിയ സ്ഥലങ്ങളില്‍ പന്നി, ആന, പുലി തുടങ്ങിയ വന്യജീവികള്‍ ഭീതി പരത്തുന്നുണ്ട്. വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ബ്ലോക്ക് പഞ്ചായത്തിന് ഇടപെടാന്‍ പരിമിതികളുണ്ട്. എങ്കിലും വനാതിര്‍ത്തിയില്‍ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ചില പ്രത്യേകതരം ചെടികള്‍ വച്ചുപടിക്കുന്നത് ആലോചനയിലുണ്ട്. വനത്തിനകത്ത് പ്ലാവുകള്‍ വ്യാപകമായി നടുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. പ്ലാവ് നട്ടുപിടിപ്പിക്കുന്നതു വഴി ആനകള്‍ കാടുവിട്ടിറങ്ങുന്ന സാഹചര്യം ഒരു പരിധി വരെ ഒഴിവാക്കാനാകും. പ്രളയ സമയത്ത് ബ്ലോക്ക് പഞ്ചായത്ത് സ്വന്തം നിലയ്ക്ക് ഒരു ദുരന്തനിവാരണ സേനയ്ക്കു രൂപം നല്‍കിയിരുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമ്പോള്‍ അതിനെ നേരിടുന്നതിലും ഈ സേനയുടെ സഹായം ലഭ്യമാക്കുന്നുണ്ട്.

പൊങ്ങന്‍ചുവട് കോളനിയ്ക്കും പ്രാധാന്യമുണ്ട്

പട്ടിക വര്‍ഗ കോളനിയായ പൊങ്ങന്‍ചുവട് കോളനി കൂവപ്പടി ബ്ലോക്ക് പരിധിയിലാണുള്ളത്. എണ്‍പതോളം കുടുംബങ്ങളാണുള്ളത്. കാലാകാലങ്ങളായി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടപ്പാക്കുന്നു. ഈ ഭരണസമിതി കോളനിയിലെ പാര്‍പ്പിട നവീകരണത്തിനാണു പ്രാധാന്യം കൊടുക്കുന്നത്. കോളനിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.

വനിതാ തൊഴില്‍ കേന്ദ്രങ്ങള്‍ ട്രാക്കിലേക്ക്

വനിതാ തൊഴില്‍ പരിശീലനകേന്ദ്രങ്ങളെ സജീവമാക്കാനായത് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ബ്ലോക്കിലെ വിവിധ പ്രദേശങ്ങളിലായി വനിതാ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനക്ഷമമായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാല് പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാനായി. മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി )യുടെ സഹകരണത്തിലാണ് തൊഴില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളില്‍ കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വനിതകള്‍ക്കു പരിശീലനം നല്‍കി. ഞാറ് നടീല്‍, ട്രാക്ടര്‍ ഓടിക്കല്‍, തെങ്ങ് കയറല്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം പുരോഗമിക്കുകയാണ്. മലമുറിയിലും കൂവപ്പടി സര്‍വീസ് സഹകരണ ബാങ്കിനോട് ചേര്‍ന്നും രണ്ട് അരിപ്പൊടി യൂണിറ്റുകളും ആരംഭിച്ചു.

ഷീ ജിമ്മും ഓപ്പണ്‍ ജിമ്മും വരുന്നു

വ്യായാമത്തിന്റെ കുറവ് മൂലം ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിനായി ‘ഷീ ജിം’ ആരംഭിക്കാനുള്ള ആലോചനയിലാണ്. വനിതാ തൊഴില്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും. കൂടാതെ ബ്ലോക്കിലെ വിവിധയിടങ്ങളില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഒരു ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കും;

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പരിഗണന നല്‍കുന്ന് ഒരു ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുന്നതിനാണ്. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. അതിനൊപ്പം സ്വപ്ന പദ്ധതിയായി മുന്നിലുള്ളത്, ഒരുതുണ്ട് ഭൂമിപോലും ഇല്ലാത്തെ ഒരാള്‍ പോലും കൂവപ്പടി ബ്ലോക്കില്‍ ഉണ്ടാകരുത് എന്നതാണ്. ഈ ഒരു വര്‍ഷത്തിനുള്ളില്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ട 13 കുടുംബങ്ങള്‍ക്ക് ഭൂമിനല്‍കാന്‍ കഴിഞ്ഞു. എസ്.ടി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പുറമെയാണിത്.

കോവിഡാനന്തര രോഗങ്ങളെ നേരിടാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍

കോവിഡാനന്തര പ്രശ്‌നങ്ങളെ നേരിടുക എന്നത് വെല്ലുവിളിയായാണ് ഏറ്റെടുത്തത്. അതിനായി വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒപ്പം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്തു.