പൊങ്കാല മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണം
ആറ്റുകാൽ പൊങ്കാലയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ ജി ആർ അനിൽ, കെ രാജൻ എന്നിവർ ക്ഷേത്രം സന്ദർശിച്ചു.ആറ്റുകാൽ പൊങ്കാല ഏറ്റവും മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ.
പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇളവുകൾ ദുരുപയോഗം ചെയ്യാതെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ഭക്ത ജനങ്ങൾ വീടുകളിൽ തന്നെ പൊങ്കാലയിട്ട് ഇതിൽ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല.
സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ പൊതുജനങ്ങൾ പാലിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകൾ ക്ഷേത്രത്തിലേക്ക് എത്താനുള്ള സാധ്യതകൾ കണക്കിലെടുത്തു കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ.
ക്ഷേത്ര പരിസരത്ത് തിരക്ക് ഒഴിവാക്കാൻ പൊതു ജനങ്ങൾ ശ്രദ്ധ പാലിക്കണം. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ളവർ മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കുക. രോഗലക്ഷണമുള്ളവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കരുതെന്നും മന്ത്രിമാർ അഭ്യർത്ഥിച്ചു.
കോമ്പൗണ്ടിനുള്ളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേർക്ക് മാത്രമാണ് ക്ഷേത്രദർശനത്തിന് അനുമതി. ക്ഷേത്രാതിർത്തിയോട് ചേർന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും. ക്ഷേത്രത്തിലെ ഒരു കവാടത്തിൽ കൂടി മാത്രമാണ് പ്രവേശനം. ക്ഷേത്ര മൈതാനത്ത് ആരോഗ്യവകുപ്പിന്റെ രണ്ട് കൗണ്ടറുകൾ തുറന്നു പ്രവർത്തിപ്പിക്കാനും റവന്യൂ വകുപ്പിന്റെ 48 മണിക്കൂറും ലഭ്യമാകുന്ന ടോൾഫ്രീ നമ്പർ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് മാസ്ക്കുകൾ ഇല്ലാതെ വന്നാൽ അവ ലഭ്യമാക്കാനുള്ള സൗകര്യമേർപ്പെടുത്താനും നിർദ്ദേശം നൽകി.ക്ഷേത്രദർശനത്തിനെത്തുന്നവർ മുഴുവൻ സമയവും കോവിഡ് പ്രോട്ടോക്കോൾ മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കണം.
ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ക്യൂ, ബാരിക്കേഡ് സംവിധാനങ്ങളും കൺട്രോൾ റൂമുകളുടെ പ്രവർത്തനവും മന്ത്രിമാർ വിലയിരുത്തി.ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ക്ഷേത്ര സമിതിയുമായി കൂടിയാലോചിച്ചു.ഡെപ്യൂട്ടി മേയർ പി.കെ രാജു, കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ , ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ഡി.സി.പി അങ്കിത് അശോകൻ, ക്ഷേത്ര സമിതി അംഗങ്ങൾ എന്നിവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.