സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ‘സമ്പുഷ്ട കേരളം’ എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യ-വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 15 ന് ലോക ഭക്ഷ്യദിനത്തിന് ആരംഭിക്കുന്ന നാഷണൽ ന്യൂട്രീഷ്യൻ അഥവാ പോഷൺ അഭിയാന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുജനങ്ങളിൽ വിളർച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലോകത്തിലെ തന്ന ആദ്യ പരിപാടിയാണിത്. കേരളത്തിൽ മുലയൂട്ടൽ, അമിത വണ്ണം തടയുക എന്നി രണ്ട് ലക്ഷ്യങ്ങൾ കൂടി ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
ഇനുസരിച്ച് ഇന്ത്യയിലെ എല്ലാ അംഗൻവാടികളിലേയും അങ്കൻവാടി വർക്കർമാർക്കും ഐസിഡിഎസ് സൂപ്പർവൈസർമാർക്കും സ്മാർട് ഫോണുകൾ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷൻ വഴി വർക്കർ നൽകണം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ അങ്കണവാടിയിൽ ഇപ്പോൾ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിർത്തലാക്കും. കേരളത്തിൽ ഇതിനായി ആദ്യഘട്ടത്തിൽ 8500 ഫോണുകളാണ് വാങ്ങുന്നത്.
കുട്ടികളുടെ തൂക്കവും ഉയരവും എടുക്കാനുള്ള സ്റ്റെഡിയോ മീറ്ററും നൽകും. ഇതനുസരിച്ച് അതാതു ദിവസം ക്രമാനുഗതമായി കുട്ടികളുടെ ഭാരമെടുത്ത് കേന്ദ്രീകൃത സർവറിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ നിയന്ത്രിക്കാൻ പദ്ധതിയിൽ പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികൾ, ഇലക്കറികൾ, പപ്പായ, ചക്ക, വാഴപ്പഴം എന്നിവ ഉൾപ്പെടുത്തിയെുള്ള ഭക്ഷണരീതിയാണ് നടപ്പിലാക്കുന്നത്.
ജനനം മുതൽ ആറുവയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പൊക്കമില്ലായ്മ തടയുകയും കുറയ്ക്കുകയും ചെയ്യുക, ജനനം മുതൽ ആറുവയസ്സുവരെയുളള കുട്ടികളിലെ പോഷണക്കുറവ് (തൂക്കക്കുറവ്) തടയുകയും കുറയ്ക്കുകയും ചെയ്യുക, ആറുമാസം മുതൽ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളർച്ചാ നിരക്ക് കുറയ്ക്കുക, 15 വയസ്സ് മുതൽ 49 വയസുവരെയുള്ള സ്ത്രീകളിലും കൗമാരക്കുട്ടികളിലും ഉള്ള വിളർച്ചാനിരക്ക് കുറയ്ക്കുക, ജനനതൂക്കക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്പുഷ്ട കേരളം നടപ്പാക്കുന്നത്. മുലപ്പാൽ മാത്രം നൽകൽ നിരക്ക് 53.3 ശതമാനത്തിൽ നിന്നും 65 ശതമാനമായി വർധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും 4ശതമാനം കുറയ്ക്കുക എന്നിവയും സമ്പുഷ്ട കേരളം ലക്ഷ്യംവയ്ക്കുന്നു.
ആറ് മാസം മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക് നിലവിൽ ടിഎച്ച്ആർഎസ് പൊടിയാണ് വിതരണം ചെയ്യുന്നത്. ഇതിനു പകരം ഫ്ളേവർ ചേർത്ത് ഫോർട്ടിഫിക്കേഷൻ നടത്തി ബിസ്‌കറ്റ്, കുക്കീസ് തുടങ്ങിയ രൂപത്തിൽ മാറ്റം വരുത്തും. കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് ടിഎച്ച്ആർ രൂപത്തിൽ മുരിങ്ങയില, പപ്പായ, ചക്ക, വാഴപ്പഴം, അയൺ ഫോളിക് ആസിഡ് എന്നിവ ഉൾപ്പെടുത്തി റെഡി ടു ഈറ്റ് ഫുഡ് തയ്യാറാക്കും.
പദ്ധതിയുടെ വിജയത്തിനായി ആരോഗ്യം, ശുചിത്വം, കുടിവെള്ളം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസ വകുപ്പ്, നാഷണൽ ന്യൂട്രീഷൻ ബോർഡ് എന്നീ വകുപ്പുകൾ ഉൾപ്പെടെ 22 വകുപ്പുകളുമായി ഏകോപിപ്പിക്കും. കേരളത്തിൽ 2017-18 സാമ്പത്തിക വർഷത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലും 2018-19 ൽ കാസർകോഡ് ജില്ലയിലുമായി നാലു ജില്ലകളിലായി ഈ പദ്ധതി ഉടൻ നടപ്പിലാക്കും. അടുത്ത വർഷം പദ്ധതി ബാക്കി ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും.