പൊതുജനങ്ങളിൽ പ്രത്യേകിച്ച് അമ്മമാരിലും അമ്മമാരാകാൻ പോകുന്നവരിലും മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ‘ആദ്യാമൃതം’ ക്യാമ്പയിനിന് തുടക്കമാകുന്നു. അദ്യാമൃതം പദ്ധതിയുടെ ലോഗോ പ്രകാശനം, സോഷ്യൽ മീഡിയ ക്യാംപയിൻ, എൻ.എച്ച്.എം. പോസ്റ്റർ പ്രകാശനം എന്നിവയും ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.
ഏറ്റവും കുറഞ്ഞത് ആറുമാസം മുലയൂട്ടുക. കഴിയുമെങ്കിൽ മുലയൂട്ടൽ രണ്ടുവർഷം വരെ തുടരുക എന്നതിലും കേരളം പിന്നാക്കമാണ്. ഇതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ഗർഭകാലാവസ്ഥയിൽ മുലയൂട്ടുന്നതിന് ആവശ്യമായ പ്രത്യേക പരിചരണം. ഇതിന് പ്രാധാന്യം നൽകുകയും കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ അമ്മമാർ നിർബന്ധമായും മുലയൂട്ടണം എന്ന ലക്ഷ്യത്തോടെയാണ് ആദ്യാമൃതം ക്യാമ്പയിൻ. പ്രസവിച്ചയുടനെ ഉണ്ടാകുന്ന മഞ്ഞനിറത്തിലുള്ള പാൽ (കുഞ്ഞിപ്പാൽ) കുഞ്ഞിനു ലഭിക്കുന്ന ആദ്യാമൃതമാണ്. വളരെയധികം രോഗപ്രതിരോധ പദാർത്ഥങ്ങളുള്ളതും ഒരിക്കലും പിഴിഞ്ഞ് കളയാൻ പാടില്ലാത്തതുമാണിത്.
ഇതിന്റെ ഭാഗമായി ഈ ഒരാഴ്ചക്കാലം എല്ലാ ബസ് സ്റ്റാന്റുകളിലും പൊതുസ്ഥലങ്ങളിലും അമ്മമാർക്ക് മുലയൂട്ടാൻ ആവശ്യമായ താത്ക്കാലിക റൂം ഒരുക്കും. പല സ്ഥലങ്ങളിലും സർക്കാർ മുൻകൈയ്യെടുത്ത് ഇത് സ്ഥാപിച്ചിട്ടുണ്ട്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ അമ്മമാർക്ക് സ്വസ്ഥമായി മുലയൂട്ടാനുള്ള സൗകര്യമൊരുക്കും.
മുലയൂട്ടലിന്റെ പ്രാധാന്യം വിളിച്ചോതുന്ന മെഗാ സോഷ്യൽ മീഡിയ ക്യാംപയിന് ആഗസ്റ്റ് ഒന്നിന് തുടക്കമാകും. ഒറ്റ ദിവസം കൊണ്ട് ഫേസ്ബുക്ക്, വാട്സ് ആപ്, ട്വിറ്റർ എന്നിവയിലൂടെ വീഡിയോ, ഓഡിയോ സന്ദേശം 10 ലക്ഷത്തോളം പേരിലെത്തിക്കുകയാണ് ലക്ഷ്യം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നീ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചാണ് ക്യാമ്പയിൻ. 71,500ത്തോളം വരുന്ന അംഗൻവാടി ജീവനക്കാരിലൂടെയാണ് സന്ദേശം ഈ ഗ്രൂപ്പുകളിലെത്തിക്കുന്നത്. മൂന്നുവർഷം തുടർച്ചയായി വീഡിയോ, ഓഡിയോ, പോസ്റ്റർ തുടങ്ങി വിവിധങ്ങളായ സന്ദേശം എത്തിക്കുന്നു. ഇതോടൊപ്പം എൻ.എച്ച്.എമ്മിന്റെ അവബോധ പോസ്റ്ററുകളും വിതരണം ചെയ്യും. ഓരോ അംഗൻവാടി പ്രവർത്തയും ഒരു വാട്സ് ആപ് മെസേജെങ്കിലും അയക്കണം.