ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെ നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായി റിങ്ങ് കമ്പോസ്റ്റുകളുടെ വിതരണം തുടങ്ങി. ആറായിരം റിംഗ് കംമ്പോസ്റ്റുകള്‍ ആണ് വിതരണത്തിനായി നിര്‍മിച്ചിരിക്കുന്നത്. 2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റ് സബ്സിഡി നിരക്കില്‍ 215 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ഓരോ വീടുകളിലേക്കും നഗരസഭ തന്നെ എത്തിച്ചുനല്‍കും. റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതോടെ ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ സാധിക്കും. അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന മുഖേന ശേഖരിക്കും. ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ എത്തിച്ച് തരം തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാനുള്ള സംവിധാനമേര്‍പ്പെടുത്താനും നഗരസഭ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ശുചിത്വമുള്ള നഗരവും ആരോഗ്യമുള്ള ജനതയും എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഉതകുന്ന തരത്തില്‍ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത പറഞ്ഞു. വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍മാരായ പി അഹമ്മദലി, കെ.വി സരസ്വതി, കെ.വി മായാകുമാരി, മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി സുജിത്ത് കുമാര്‍, കെ രവീന്ദ്രന്‍, പി അരുള്‍ എന്നിവര്‍ പങ്കെടുത്തു.