മൂന്ന് പതിറ്റാണ്ടിലേറെയായി കൃഷിയൊരു ജീവിതചര്യയാണ് എരിയപ്പാടിയിലെ മുഹമ്മദിന്. പാട്ടത്തിനെടുത്ത  സ്ഥലത്ത് നിധിപോലെ സംരക്ഷിച്ചുവരുന്ന നെല്‍വിത്തുകളുപയോഗിച്ച് പൊന്നു വിളയിക്കും. കൊയ്ത്ത് കഴിഞ്ഞാല്‍ പിന്നെ  പച്ചക്കറിക്കാലമായി. കൂടപ്പിറപ്പുകളായ ഏഴു സഹോദരിമാരെ വിവാഹം ചെയ്ത് നല്‍കിയതും കുടുംബം പുലര്‍ത്തുന്നതും കൃഷിയിലൂടെ തന്നെ. പത്ത് വയസ്സില്‍ തുടങ്ങിയ കൃഷിപ്പണി നാല്‍പത്തിയഞ്ചാം വയസ്സിലും നിറഞ്ഞ സംതൃപ്തിയോടെ അയാള്‍ ചെയ്തുവരുന്നു. കുടുംബവും അധ്വാനത്തില്‍ പങ്കുചേരുന്നതോടെ അതൊരു കൂട്ടായ്മയുടെ വിജയമായി.
മണ്ണറിയുന്ന ഈ കര്‍ഷകന് സ്വന്തമായി രണ്ട് പശുക്കളുമുണ്ട്. കൊയ്ത്ത് കഴിഞ്ഞാല്‍ വൈക്കോല്‍ പശുവിന്… ചാണകം പച്ചക്കറികള്‍ക്ക് വളം.. തികച്ചും ജൈവരീതിയിലുള്ള കൃഷിരീതിയും നെല്ലിനത്തിലായാലും പച്ചക്കറികളായാലും പരമ്പരാഗതമായ നാടന്‍ ഇനങ്ങള്‍ സംരക്ഷിച്ച് കൃഷി ചെയ്യുന്നതും മുഹമ്മദിന്റെ പ്രത്യേകതയാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഇപ്പോള്‍ പച്ചക്കറി കാലമാണ്. വിളവെടുപ്പിന് പാകമായ വെള്ളരിയും വിഷു വിപണി ലക്ഷ്യമാക്കി നട്ട വെള്ളരിയും കുമ്പളവും കക്കിരിയും വെണ്ടയുമാണ് പാടം നിറയെ. വെള്ളരി വള്ളികള്‍ക്കിടയിലൂടെ നാടന്‍ പയര്‍ വിളഞ്ഞു കിടക്കുന്നതും നിറയെ പൂവിട്ട് നില്‍ക്കുന്ന കുമ്പള വള്ളികള്‍ക്കിടയില്‍ വിത്തിന് വെച്ചതും അല്ലാത്തതുമായ ചെഞ്ചീരയും മുഹമ്മദിന്റെ അധ്വാനത്തിന്റെ അടയാളങ്ങളാണ്. ചെങ്കള കൃഷി ഓഫീസും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസും വളരെ വലിയ പ്രോത്സാഹനമാണ് തനിക്ക് നല്‍കി വരുന്നതെന്ന് മുഹമ്മദ് പറഞ്ഞു.
തനത് വിത്തിനങ്ങളെ സംരക്ഷിച്ച് ജൈവ രീതിയില്‍ കൃഷിചെയ്തു വരുന്ന ചെങ്കള പഞ്ചായത്തിലെ മുഹമ്മദിനെ പ്രിന്‍സിപ്പല്‍ കൃഷിഓഫീസ് ജില്ലയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തു. ഫെബ്രുവരി 21ന് കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കി ആദരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ ആര്‍.വീണാറാണി പറഞ്ഞു.