ജില്ലയില്‍ 20,750 വീടുകള്‍ പൂര്‍ത്തിയാക്കി
തല ചായ്ക്കാനൊരിടം എന്നതിലൊതുങ്ങാതെ സമൂഹത്തില്‍ മാന്യമായി ഇടപെടാനുള്ള സാഹചര്യവുംകൂടി ഒരുക്കുകയാണ് ലൈഫ് മിഷന്‍. മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്ഥലവും വീടുമില്ലാത്തവര്‍ക്കായി ഭവനസമുച്ചയങ്ങള്‍ ഒരുങ്ങുകയാണെന്ന് ലൈഫ് മിഷന്‍ മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഏര്‍ണെസ്റ്റ് സി തോമസ് പറഞ്ഞു. തദ്ദേശ സ്വയംഭരണദിനാഘോഷത്തിന്റെ ജില്ലാതല പരിപാടിയുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ല്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയിലൂടെ, അതുവരെ ഉണ്ടായിരുന്ന എല്ലാ ഭവനപദ്ധതികളും ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ 2.79 ലക്ഷം ഭവനരഹിതര്‍ക്കും എറണാകുളം ജില്ലയില്‍ 20,750 ഭവനരഹിതര്‍ക്കും പാര്‍പ്പിടം നിര്‍മ്മിക്കാന്‍ കഴിഞ്ഞു.
മൂന്നാമത്തെ ഘട്ടത്തില്‍ ഭൂമിയും വീടും ഇല്ലാത്തവരാണു ഗുണഭോക്താക്കള്‍. ജില്ലയില്‍ കൊച്ചി കോര്‍പറേഷന്‍, അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്, കൂത്താട്ടുകുളം നഗരസഭ, കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇവര്‍ക്കായുള്ള ഭവനസമുച്ച നിര്‍മ്മാണം പുരോഗമിക്കുകയാണ്. കീഴ്മാട് പഞ്ചായത്ത്, അങ്കമാലി നഗരസഭ എന്നിവിടങ്ങളില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. വീടുകള്‍ നിര്‍മ്മിക്കാന്‍ ജനകീയ പിന്തുണയോടെ സ്ഥലങ്ങള്‍ കണ്ടെത്തിവരികയാണ്. പൊതുജന പങ്കാളിത്തത്തോടെ ഭൂമി കണ്ടെത്താന്‍ ‘മനസ്സോടിത്തിരി മണ്ണ്’ എന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. ഭൂമി കണ്ടെത്തുന്നതിന് ജില്ലയില്‍ ലൈഫ് മിഷന്‍ കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന് 25 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. ലൈഫ് മിഷന്‍ ജനകീയ മുന്നേറ്റമായി മാറുകയാണ്. ഗുണഭോക്താക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണു ധനസഹായം നല്‍കിവരുന്നത്. നിരവധി ആളുകളാണ് വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വീട് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചവര്‍ക്കും രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കുമാണു വീടുകള്‍ നല്‍കിയത്. ലൈഫ് മിഷന്‍ ഒന്നും രണ്ടും പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരെ കണ്ടെത്താനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍ ഇപ്പോള്‍. ഇതിനായി പട്ടികയില്‍ ഉള്‍പ്പെടാത്തവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. ഇതിന്റെ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിക്കും. കുറ്റമറ്റരീതിയില്‍ എല്ലാ ഭവനരഹിതര്‍ക്കും വീടൊരുക്കാന്‍ പരിശ്രമിക്കുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.