ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വന്യജീവികളുടെ ആക്രമണം തടയാന്‍ ജനകീയ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വനാതിര്‍ത്തി പങ്കിടുന്ന ബ്ലോക്ക്- ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗ ത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനസംരക്ഷണ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ പുനസംഘടിപ്പിക്കണം.

ഒരാഴ്ചക്കുള്ളില്‍ ഇവ സജീവമാക്കി സാമൂഹ്യ സംഘടനകളെയും ക്ലബ്ബുകളെയും സന്നദ്ധ പ്രവര്‍ത്തകരെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ സമിതികളാക്കി മാറ്റണം. വന്യ ജീവി സംരക്ഷണത്തോടൊപ്പം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരമാവധി പരിഹാരം കാണാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാര തുക സമയബന്ധിതമായി ലഭിക്കാനുള്ള നടപടി സ്വീകരിക്കും.

വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നത് തടയുന്നതിനുള്ള അതിര്‍ത്തി സുരക്ഷ വേലികളും മറ്റു പ്രതിരോധങ്ങള്‍ നിര്‍മിക്കാനായുള്ള സാധ്യതകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സംയുക്തമായി ചര്‍ച്ച ചെയ്തു എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ വനംവകുപ്പ് പ്രത്യേക ശ്രദ്ധ നല്കണം. പ്രകൃതി സംരക്ഷണത്തിനൊപ്പം വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കും അവസരമൊരുങ്ങണം. നിലവിലുള്ള റോഡുകള്‍ പുതുക്കി പണിയുന്നതിന് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളോട് മൃദുസമീപനം കൈക്കൊള്ളണം.
യോഗത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതത് ഡിഎഫ്ഒ യും പഞ്ചായത്ത് പ്രസിഡന്റുമാരുമായി സംയുക്തമായി ചര്‍ച്ച ചെയ്തു. സ്വയം പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും. 8 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും കോടിക്കുളം, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം, അറക്കുളം, ഇടവെട്ടി, ചിന്നക്കനാല്‍, രാജക്കാട്, ശാന്തന്‍പാറ, മറയൂര്‍, കാന്തല്ലൂര്‍, ദേവികുളം, വട്ടവട, വാഴത്തോപ്പ് കൊന്നത്തടി, മാങ്കുളം,പള്ളിവാസല്‍, അടിമാലി, വെള്ളത്തൂവല്‍, മൂന്നാര്‍, ഇടുക്കി, കഞ്ഞിക്കുഴി ഏലപ്പാറ, ഇടമലക്കുടി, കുമളി, പെരുവന്താനം, പീരുമേട്, ഉപ്പുതറ, കൊക്കയാര്‍, കാഞ്ചിയാര്‍ വണ്ടിപ്പെരിയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെയുമാണ് യോഗത്തില്‍ വിളിച്ചത്.

യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, അഡ്വ. എ രാജ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് , ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി ജേക്കബ്, വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.