അടിമാലി ടൗണിനെ പൂര്‍ണ്ണമായി ക്യാമറാ നിരീക്ഷണത്തിലാക്കുന്ന വിഷന്‍ അടിമാലിയുടെ ഉദ്ഘാടനം നടന്നു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിഷന്‍ അടിമാലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടൗണ്‍ ഷിപ്പിന്റെ അനിവാര്യതയാണ് ക്യാമറ നിരീക്ഷണമെന്നും നിരീക്ഷണത്തിലാണെന്ന ബോധ്യമുണ്ടായാല്‍ ആളുകള്‍ കൂടുതല്‍ പക്വമായി പെരുമാറുമെന്നും മന്ത്രി പറഞ്ഞു. ആധുനിക ലോകത്ത് മാറ്റത്തിന്റെ ചുവടുപിടിച്ചാണ് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.

തനതായ വ്യക്തിത്വം നിലനിര്‍ത്തുന്ന ജില്ലയായി ഇടുക്കി മാറി കഴിഞ്ഞു. ഭൂപ്രശ്‌നമാണ് അടിസ്ഥാന പ്രശ്‌നം അത് പരിഹരിക്കുകയെന്നത് പരമ പ്രധാനമാണെന്നും ടൂറിസത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇമ്മാനുവല്‍ പോള്‍ അടിമാലി ജനമൈത്രി പോലീസ് സ്റ്റേഷനില്‍ ക്രമീകരിച്ച കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതിയ്ക്കായി പണം നല്‍കിയ വ്യക്തികളേയും സ്ഥാപനങ്ങളേയും സമ്മേളനത്തില്‍ ആദരിച്ചു. ടൗണില്‍ സ്ഥാപിച്ചിട്ടുള്ള 32 നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായി.അടിമാലി ജനമൈത്രി പോലീസും പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമതിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

രാത്രികാലത്തു പോലും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പകര്‍ത്താന്‍ കഴിയുന്ന നൈറ്റ് വിഷനോടു കൂടിയ ക്യാമറകള്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. അടിമാലി പോലീസ് സ്റ്റേഷനിലാണ് ക്യാമറകളുടെ നിരീക്ഷണ കേന്ദ്രം ക്രമീകരിച്ചിട്ടുള്ളത്. അടിമാലി ഗ്രാമപഞ്ചായത്തോഫീസിലും നിരീക്ഷണ ക്യാമറകളുടെ ഡിസ് പ്ലെ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തതോടെയാണ് പദ്ധതി ഫണ്ട് കണ്ടെത്തിയത്.

അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ എ രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സുധീര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍, ജനകീയ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.