ഇടുക്കി ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ കൈയില്‍ നിന്നും സ്വരാജ് പുരസ്‌കാരം ഏറ്റുവാങ്ങി.
രണ്ടാം സ്ഥാനത്തിന് അര്‍ഹരായ മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാറിന്റെ കൈയില്‍ നിന്നും സ്വരാജ് ട്രോഫി ഏറ്റുവാങ്ങി.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു ജില്ലയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തിനു ഏര്‍പ്പെടുത്തിയിരിക്കുന്ന മഹാത്മാ പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനത്തിന് അര്‍ഹരായ രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ കൈയില്‍ നിന്നും മഹാത്മാ പുരസ്‌കാരം ഏറ്റുവാങ്ങി.