സര്‍വ്വ -രോഗ കീട സംഹാരി എന്ന പേരിലും നവീന ജൈവകൃഷി സൂക്തം എന്ന പേരിലും കര്‍ഷകരുടെ ഇടയില്‍ ഹോമിയോമരുന്നുകള്‍ ചില സ്വകാര്യ വ്യക്തികളും ഏജന്‍സികളും പ്രചരിപ്പിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കാര്‍ഷിക വിളകളിലെ ഹോമിയോ പരിചരണം സംബന്ധിച്ച സോഷ്യല്‍ മീഡിയ പ്രചരണങ്ങളും സജീവമാണ്.

ഇവരുടെ വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുത് എന്നും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും കാര്‍ഷിക സര്‍വ്വകലാശാല അറിയിച്ചു. കൃഷിയില്‍ ഹോമിയോ മരുന്നുകളുടെ ഉപയോഗം ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലോ കേരള കാര്‍ഷിക സര്‍വ്വകലാശാലയോ അംഗീകരിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്യപ്പെട്ടിട്ടില്ല.

ഹോമിയോ മരുന്നുകള്‍ വിളകളില്‍ ഉല്‍പാദന വര്‍ദ്ധനവ് ഉണ്ടാക്കുമെന്നും വരള്‍ച്ചയെ പ്രതിരോധിക്കുമെന്നും ഉള്ള വ്യാജ വാര്‍ത്തകളും ഇതിന്റെ പ്രോക്താക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍ സര്‍വ്വകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള സസ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ അധികൃതര്‍ അറിയിച്ചു.